ചണ്ഡീഗഡ്: വായ്പ തേടി ബാങ്കിലെത്തിയ ചായക്കച്ചവടക്കാരന് കിട്ടിയത് 50 കോടി രൂപയുടെ കടം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കച്ചവടം മോശമായതിനെ തുടര്‍ന്ന് പുതിയ വ്യാപാരം ആരംഭിക്കാന്‍ ഹരിയാന കുരുക്ഷേത്രയില്‍ ജീവിതവൃത്തിയ്ക്കായി ചായവില്‍പന നടത്തുന്ന രാജ്കുമാര്‍ ബാങ്കിനെ സമീപിച്ചത്. പിന്നാലെയാണ് സമാധാനം കെടുത്തുന്ന വാര്‍ത്ത എത്തിയത്.
രാജ്കുമാറിന്റെ ലോണിനുള്ള അപേക്ഷ ബാങ്ക് നിരസിച്ചു.ബാങ്കില്‍ നിന്ന് രാജ്കുമാര്‍ നേരത്തെയെടുത്ത വായ്പ തിരിച്ചടച്ചിട്ടില്ലെന്നും രാജ്കുമാര്‍ അമ്പത് കോടി രൂപ ബാങ്കിന് നല്‍കാനുണ്ടെന്നുമായിരുന്നു വായ്പ നിരസിച്ചു കൊണ്ട് ബാങ്ക് നല്‍കിയ മറുപടി. അപേക്ഷ നിരസിച്ചതിന് പുറമെ, വായ്പയെടുക്കാത്ത താന്‍ 50 കോടി രൂപ നല്‍കാനുണ്ടെന്നതാണ് രാജ്കുമാറിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്.
റോഡരികിലെ ചായക്കടയാണ് രാജ്കുമാറിന്റെ ഏക വരുമാനമാര്‍ഗം. താന്‍ മുമ്പൊരിക്കലും വായ്പയെടുത്തിട്ടില്ലെന്ന് രാജ്കുമാര്‍ ആവര്‍ത്തിച്ച് പറയുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കച്ചവടം മോശമായതോടെ പുതിയ ഏതെങ്കിലും വ്യാപാരം ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് താന്‍ വായ്പയെടുക്കാന്‍ തീരുമാനിച്ചതെന്നും രാജ്കുമാര്‍ പറയുന്നു.
ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നതായും തുടര്‍ന്നാണ് തനിക്ക് മുമ്പ് അനുവദിച്ച വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ വീണ്ടും അനുവദിക്കാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതെന്നും രാജ്കുമാര്‍ പറഞ്ഞു. തനിക്ക് പകരം മറ്റാര്‍ക്കാണ് ഇത്രയും വലിയ തുകയുടെ വായ്പ ബാങ്ക് നല്‍കിയതെന്നും ഈ തുക താന്‍ തന്നെ തിരിച്ചടയ്ക്കേണ്ടി വരുമോയെന്നുമുള്ള ആശങ്കയിലാണ് രാജ്കുമാര്‍.