ന്യൂഡല്‍ഹി: മോഡി മന്ത്രി സഭയില്‍ വന്‍ അഴിച്ചുപണി. ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിച്ചേക്കും. ചില പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി വിദഗ്ധരെ നിയമിക്കണമെന്ന പ്രധാനമന്ത്രിയുടെ താത്പര്യം മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതിഫലിച്ചേക്കാം.
നിലവിലുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനവും പ്രകടനവും പുനഃസംഘടനയില്‍ നിര്‍ണായകഘടകമാകും. ഭരണമികവില്ലാത്ത മന്ത്രിമാരെ ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കാനാണ് സാധ്യത. ഇതിനായി മന്ത്രിമാരുടെ പ്രകടനം വിലയിരുത്താനുള്ള നടപടികള്‍ ബി.ജെ.പി.യും പ്രധാനമന്ത്രിയും ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ പൊതുനയത്തോടുള്ള സമീപനം, പ്രധാന പദ്ധതികളുടെ നിര്‍വഹണം, വകുപ്പില്‍ പുതുതായി ആവിഷ്കരിച്ച പദ്ധതികള്‍, പുതിയ സമീപനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മന്ത്രിമാരെക്കുറിച്ചുള്ള വിലയിരുത്തലിനുള്ള മാനദണ്ഡങ്ങളായിരിക്കും.
വിദേശകാര്യ വകുപ്പിന്റെ ചുമതല മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ ഏല്പിച്ചിരുന്നു. ഇതിന് സമാനമായി ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നതിനെക്കുറിച്ചാണ് നിലവില്‍ ആലോചിക്കുന്നത്.
അടുത്തിടെ കോണ്‍ഗ്രസില്‍നിന്ന് പാര്‍ട്ടിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെയും ടി.എം.സി.യില്നിന്ന് എത്തിയ മുകുള്‍ റോയിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. സിന്ധ്യയുടെ വിശ്വസ്തരെ മധ്യപ്രദേശ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം ബി.ജെ.പി. ഉറപ്പ് പാലിച്ചിരുന്നു.
അതേസമയം, ശിവസേന കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ പുതിയ മന്ത്രിമാരെ നിയോഗിക്കുമെന്നാണ് സൂചന. അതേസമയം, ജനുവരി 20-ന് ജെ.പി. നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിച്ചിരുന്നില്ല. ഈ ഒഴിവുകളും നികഴ്ത്തും.