മുംബൈ: സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷം ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്സിന് വിപണിയില്‍ ലഭ്യമാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍. ഒക്ടോബര്‍ അവസാനത്തോടെ അല്ലെങ്കില്‍ നവംബര്‍ ആദ്യപകുതിയില്‍ വാക്സിന് വിപണിയിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് രോഗികള്‍ക്കായുള്ള മഹാരാഷ്ട്ര മലയാളി ഹെല്പ് ഡെസ്കിന്റെ നാലാമത് കോവിഡ് വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ വാക്സിന് നിര്‍മാണ ശേഷിയുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മൊത്തം അഞ്ചു വാക്സിനുകളാണ് വികസിപ്പിക്കുന്നത്.
അതില്‍ രണ്ടെണ്ണം വിദേശ സാങ്കേതിക സഹായത്തോടു കൂടിയാണ്. മൂന്നെണ്ണം പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതാണ്. ഓക്സ്ഫഡ് സര്‍വകലാശാലയുടെ സഹായത്തോടെ വികസിപ്പിക്കുന്ന വാക്സിന് മൂന്നാമത്തെ ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വാക്സിന്റെ 30 ലക്ഷം ഡോസുകള്‍ ഇതിനകം നിര്‍മിച്ചതായി അദ്ദേഹം പറഞ്ഞു. പുറത്തിറക്കേണ്ട സമയമാകുമ്പോള്‍ 100 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഏഷ്യ- ആഫ്രിക്കന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാനാണ് പദ്ധതിയെന്നും പി.സി. നമ്പ്യാര്‍ വ്യക്തമാക്കി.
ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിനോടകം ഒരുകോടിയിലധികം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷക്കണക്കിനാളുകള്‍ മരിക്കുകയും ചെയ്തു. പ്രതിരോധ മരുന്ന് ഇതുവരെ കണ്ടെത്താത്തതാണ് വൈറസ് ഇത്രത്തോളം വ്യാപിക്കാനിടയായത്. വാക്സിനുകള്‍ ഉടന്‍ കണ്ടെത്തുമെന്നും പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Discussion about this post