മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം ജന്മദിനം ആഘോഷിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ജന്മദിനം ആശംസിച്ചുകൊണ്ടുള്ള ഫ്ളെക്സുകളും ഹോര്‍ഡിംഗുകളും സ്ഥാപിക്കരുതെന്നും താക്കറെ തന്റെ അനുയായികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി.
ഈ മാസം 27നാണ് ഉദ്ധവ് താക്കറെയുടെ ജന്മദിനം. ജന്മദിനാഘോഷങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഒപ്പം രക്ത, പ്ലാസ്മ ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മുഖ്യന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചന നടത്തി രോഗം പടരാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കിയതിന് പിന്നാലെയാണ് താക്കറെയുടെ പ്രഖ്യാപനം.
നേരത്തെ ബുധനാഴ്ച, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ നിന്നും ആയുര്‍വേദ, യുനാനി, ഹോമിയോപ്പതി വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുമായി താക്കറെ സംസാരിക്കുകയും പ്രതിരോധ നടപടികളും ചികിത്സാ പ്രോട്ടോക്കോളും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.