ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രക്തദാതാക്കളുടെ എണ്ണം കുറയുകയും ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയകൾക്ക് പോലും രക്തമില്ലാതെ രോഗികളും ബന്ധുക്കളും വലയുകയും ചെയ്യുകയാണ്. ഇതിനിടെയാണ് രക്തദാനത്തിന്റെ മഹത്വം വിളിച്ചോതി തന്റെ രോഗിക്ക് രക്തം ദാനം ചെയ്ത് ജൂനിയർ ഡോക്ടർ മാതൃകയായിരിക്കുന്നത്. അടിയന്തിര ശസ്ത്രിക്രിയയ്ക്ക് വിധേയനായ യുവാവിന് രക്തം ദാനം ചെയ്താണ് ഡൽഹിയിലെ ഈ യുവ ഡോക്ടർ കാരുണ്യം ചൊരിഞ്ഞിരിക്കുന്നത്.
ഡൽഹിയിലെ എയിംസ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറാ 24കാരൻ മുഹമ്മദ് ഫവാസാണ് സെപ്റ്റിക് ഷോക്ക്(രക്തസമ്മർദം ഗണ്യമായി താഴുന്ന ഗുരുതരാവസ്ഥ) ബാധിച്ച യുവാവിന്റെ ശസ്ത്രക്രിയയ്ക്ക് രക്തം ദാനം ചെയ്തത്. കൃത്യസമയത്ത് ദാതാവിനെ കണ്ടെത്താനാകാതെ വന്നതോടെയാണ് ഫവാസ് ഈ കാരുണ്യ പ്രവർത്തി ചെയ്തത്.ആശുപത്രിയിലെ ശസ്ത്രക്രിയാ വകുപ്പിൽ ഡ്യൂട്ടി ചെയ്യുന്ന ആളാണ് ഫവാസ്.
ചൊവ്വാഴ്ചയാണ് സെപ്റ്റിക് ഷോക്ക് ബാധിച്ച യുവാവും ഭാര്യയും ആശുപത്രിയിൽ എത്തിയത്. ആഴത്തിലുള്ള പരിക്ക് മൂലം യുവാവിന്റെ കാലിനാണ് സെപ്റ്റിക് ഷോക്ക് ബാധിച്ചത്. അണുബാധ കാൽ മുഴുവൻ വ്യാപിക്കുന്ന അവസ്ഥ ആയതിനാൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് യുവാവിനെ വിധേയനാക്കുകയായിരുന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ രക്തം നൽകാൻ ഇയാളുടെ ബന്ധുവിന് ആശുപത്രിയിൽ എത്താൻ സാധിച്ചില്ല. ഇതോടെയാണ് ഫവാസ് രക്തം നൽകാൻ മുന്നോട്ട് വന്നത്.
ഒരു ഡോക്ടർ എന്ന നിലയിൽ താൻ തന്റെ കടമയാണ് ചെയ്തത്. മഹാമാരി മൂലം രക്തത്തിന് ക്ഷാമമുണ്ട്, രോഗിക്ക് അടിയന്തിരമായി രക്തം ആവശ്യമായിരുന്നു. രോഗിയുടെ കുടുംബം രക്തം ക്രമീകരിക്കാൻ കഷ്ടപ്പെടുന്നത് കണ്ടു. ഇതോടെയാണ് രക്തദം ദാനം ചെയ്യാൻ തീരുമാനിച്ചതെന്ന് ഡോ. ഫവാസ് പറയുന്നു. പിന്നീട് ഫവാസ് ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘം തന്നെയാണ് രോഗിക്ക് ശസ്ത്രക്രിയ നടത്തിയത്.
Discussion about this post