ന്യൂഡൽഹി: മുൻനിരയിൽ നിന്ന് കൊവിഡ് പോരാട്ടം നടത്തുന്നതിനിടെ കൊവിഡ് ജീവനെടുത്ത ഡൽഹിയിലെ ഡോ. ജാവേദ് അലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. ഡോ. ജാവേദ് അലിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
ഡൽഹിയിലെ നാഷണൽ ഹെൽത്ത് മിഷനിൽ പ്രവർത്തിച്ചിരുന്ന ഡോ. ജാവേദ് അലി ചൊവ്വാഴ്ചയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജൂൺ 24നായിരുന്നു ജാവേദിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പത്ത് ദിവസമായി ഡോ. ജാവേദ് വെന്റിലേറ്ററിലായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്. എയിംസ് ട്രോമ സെന്ററിൽ വച്ചായിരുന്നു ജാവേദിന്റെ മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ഹീന കൗസറും ഡോക്ടറാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.
‘ഭർത്താവിനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. മാർച്ച് മുതൽ അദ്ദേഹം ഒരു ദിവസം പോലും അവധി എടുത്തിരുന്നില്ല. ഈദ് ദിനത്തിൽ പോലും അവധിയെടുക്കാതെയാണ് അദ്ദേഹം ജോലി ചെയ്തത്. എന്റെ ഭർത്താവ് രക്തസാക്ഷിയാണ്’- ജാവേദിന്റെ ഭാര്യ ഹീന കൗസർ പ്രതികരിച്ചതിങ്ങനെ. കൊവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടമാവുന്നവർക്ക് ഡൽഹി സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Discussion about this post