ഫ്‌ളൈ ഓവറില്‍ 299 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞ് ബൈക്ക്; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ബംഗളൂരൂ: ഫ്‌ളൈ ഓവറിലൂടെ 299 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞ ബൈക്ക് യാത്രക്കാരന് എട്ടിന്റെ പണി കൊടുത്ത് പോലീസ്. ബംഗളൂരൂവിലെ ഇ-സിറ്റി ഫ്‌ളൈ ഓവറിലാണ് സംഭവം.

299 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച 1000 സിസി യമഹ ആര്‍ 1 ബൈക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി. ബൈക്ക് ഓടിച്ചയാള്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഓടിച്ചയാളെ പോലീസ് കണ്ടെത്തി. മുനിയപ്പ (29) എന്നയാളാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി 300 കിലോമീറ്ററോളം വേഗതയില്‍ വാഹനമോടിച്ച ഡ്രൈവറേയും വാഹനത്തേയും പിടികൂടിയതായി വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്‌ളൈ ഓവറിലൂടെയാണ് സാഹസികമായ രീതിയില്‍ ഇയാള്‍ ബൈക്കോടിച്ചത്. റോഡിലുള്ള മറ്റ് വാഹനങ്ങളെ 299 കിലോമീറ്ററിലേറെ വേഗതയില്‍ അപകടകരമായ രീതിയില്‍ ബൈക്ക് മറികടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സുരക്ഷിതമായി വണ്ടിയോടിക്കുക എന്ന അടിക്കുറിപ്പോടെ ബംഗളൂരു ട്രാഫിക് പോലീസും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Exit mobile version