ലഖ്‌നോ: ഉത്തർപ്രദേശിൽ ദേശ സുരക്ഷ നിയമം ചുമത്തി ജയിലിലാക്കപ്പെട്ട ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ ബഹുജന ക്യാംപെയിനുമായി ഉത്തർപ്രദേശ് കോൺഗ്രസ് രംഗത്ത്. ഡോ. കഫീൽ ഖാനെ പുറത്തിറക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് മൂന്നാഴ്ച നീളുന്ന ഒപ്പുശേഖരണമാണ് ഇതിനായി നടത്തുക. ജൂലൈ 22 മുതൽ ആഗസ്റ്റ് 12 വരെ സംസ്ഥാനത്തൊട്ടാകെ വീടുകളിൽ കയറിയിറങ്ങിയാണ് ഒപ്പുശേഖരണം നടത്തുക.
കഫീൽ ഖാന്റെ മോചനമാവശ്യപ്പെട്ട് വീഡിയോകൾ നിർമ്മിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്നും കോൺഗ്രസ് ദേശീയ മുഖപത്രമായ ‘നാഷണൽ ഹെറാൾഡ്’ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തർപ്രദശ് കോൺഗ്രസ് ന്യൂനപക്ഷ സെൽ തലവനായ ഷാനവാസ് ആലമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ന്യൂനപക്ഷ സമുദായത്തെ അണിനിരത്തി സർക്കാരിനെതിരെ സമ്മർദ്ദം സൃഷ്ടിക്കും. കഫീൽ ഖാനെ പുറത്തിറക്കാനായി സാധ്യമായ എല്ലാ വഴിയും സ്വീകരിക്കും. യോഗി സർക്കാരിന്റെ മുസ്‌ലിം ശബ്ദത്തെ അടിച്ചമർത്താനുള്ള തീരുമാനത്തിന്റെ ഇരയാണ് കഫീൽ ഖാനെന്നും ഷഹസാദ് ആലം ആരോപിച്ചു.
മെഡിക്കൽ വീഴ്ച ആരോപിച്ച് ജോലിയിൽനിന്ന് പുറത്തുനിർത്തി രണ്ടു വർഷം കഴിഞ്ഞ് കഴിഞ്ഞ സെപ്റ്റംബറിലാണ് ഡോ. കഫീൽ ഖാനെ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കുറ്റമുക്തനാക്കുന്നത്. പിന്നീട് ഫെബ്രുവരി 13ന് ദേശീയ സുരക്ഷ നിയമം ചുമത്തി ശിശുരോഗ വിദഗ്ധനായ കഫീൽ ഖാനെ യോഗി സർക്കാർ വീണ്ടും അഴിക്കുള്ളിലാക്കുകയായിരുന്നു.
Discussion about this post