ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. ഇതിനു പിന്നില്‍ മനുഷ്യക്കടത്തെന്നാണ് സംശയം. ഡിസംബര്‍ ഒന്നാംതീയതി അര്‍ധരാത്രിയോടെ ദില്‍ഷാദ് ഗാര്‍ഡനിലെ സാന്‍സ്കര്‍ ആശ്രമത്തില്‍നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പക്ഷേ ഇതുവരെയും പെണ്‍കുട്ടികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വനിതാശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍, അഭയകേന്ദ്രത്തിലെ സൂപ്രണ്ട് എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
മനുഷ്യക്കടത്ത് സംഘങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയ ഒമ്പത് പെണ്‍കുട്ടികളെ കഴിഞ്ഞ മെയ് മാസത്തിലാണ് ദില്‍ഷാദ് ഗാര്‍ഡനിലെ അഭയകേന്ദ്രത്തിലെത്തിച്ചത്. നേരത്തെ ദ്വാരകയിലെ അഭയ കേന്ദ്രത്തിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്. അതിനിടെ, പെണ്‍കുട്ടികളെ കാണാതായ സംഭവത്തിനുപിന്നില്‍ മനുഷ്യക്കടത്ത് സംഘങ്ങളാണോയെന്നും സംശയമുണ്ട്. നിലവില്‍ ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post