ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി ഡിസംബര്‍ വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. നേരത്തേ നിശ്ചയിച്ചത് പ്രകാരമുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കാലാവധി വീണ്ടും നീട്ടിക്കൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടാന്‍ തിങ്കളാഴ്ച രാത്രിയാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സര്‍ക്കാര്‍ തീരുമാനത്തിന് അനുമതി നല്‍കിയത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഐടി ജീവനക്കാരില്‍ 85 ശതമാനം പേരും വര്‍ക്ക് ഫ്രം ഹോം ആണ്. ഏപ്രില്‍ മാസമാണ് ഐടി, ബിപിഒ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഏപ്രില്‍ 30 വരെയായിരുന്നു കാലാവധി. എന്നാല്‍ പിന്നീട് രോഗവ്യാപനം രൂക്ഷമായതോടെ ജൂലൈ 31 വരെ നീട്ടുകയായിരുന്നു. എന്നാല്‍ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചതിനെ തുടര്‍ന്നാണ് കാലാവധി ഡിസംബര്‍ 31 നീട്ടിയിരിക്കുന്നത്.