അഗര്‍ത്തല: പെണ്‍കുഞ്ഞ് ജനിച്ചതിന്റെ വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ത്രിപുരയിലാണ് സംഭവം. ഗൗതം നഗര്‍ സ്വദേശി പ്രാണ്‍ ഗോബിന്ദ എന്ന യുവാവാണ് ജീവനൊടുക്കിയത്.
ഇയാളുടെ മരണവാര്‍ത്ത അറിഞ്ഞ ഇരുപത്തിമൂന്നുകാരി ഭാര്യ സുപ്രിയ ദാസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ആണ്‍കുഞ്ഞ് വേണമെന്നായിരുന്നു പ്രാണിന്റെയും വീട്ടുകാരുടെയും ആഗ്രഹം. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ആണ്‍കുഞ്ഞ് പിറന്നില്ല. സുപ്രിയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സുപ്രിയയ്ക്കും പ്രാണിനും പെണ്‍കുഞ്ഞ് പിറന്നത്. ആണ്‍കുഞ്ഞിനായി കാത്തിരുന്ന ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഇത് ഉള്‍ക്കൊള്ളാനായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭര്‍തൃവീട്ടുകാര്‍ സുപ്രിയയെ മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ആണ്‍കുഞ്ഞിനെ കിട്ടാത്തതില്‍ സങ്കടത്തിലായ പ്രാണ്‍, ഞായറാഴ്ച ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി. ശേഷം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. പ്രാണിന്റെ മരണവാര്‍ത്തയറിഞ്ഞ് താങ്ങാനാവാതെ സുപ്രിയ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ഭര്‍ത്തൃവീട്ടിലെ മാനസിക പീഡനങ്ങള്‍ കൊണ്ട് തകര്‍ന്നിരുന്ന സുപ്രിയയ്ക്ക് ഭര്‍ത്താവിന്റെ മരണവാര്‍ത്ത കൂടി താങ്ങാനായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ സുപ്രിയയെ ഭര്‍ത്താവിന്റെ മാതാവ് നിരന്തരം കുത്തുവാക്കുകള്‍ പറയുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.