പ്രതീക്ഷ നല്‍കി ഓക്സ്ഫോര്‍ഡ് കോവിഡ് വാക്‌സിന്‍, ഇന്ത്യയിലും പരീക്ഷിക്കാന്‍ നീക്കം, വിജയിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും

ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡ് കോവിഡ്-19 വാക്സിന്‍ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വാക്സിന്‍ സുരക്ഷിതവും നന്നായി സഹകരിക്കുന്നതും ഇമ്യൂണോജെനിക്തുമാണെന്നാണ് മെഡിക്കല്‍ ജേണല്‍ ദി ലാന്‍സെറ്റിന്റെ ചീഫ് എഡിറ്റര്‍ പ്രതികരിച്ചത്.

ഇത് ലോകത്തിന് ഒന്നടങ്കം ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയായിരുന്നു. ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരില്‍ കോവിഡ് വാക്സിനിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസം ബ്രസീലില്‍ ആരംഭിച്ചിരുന്നു. അസ്ട്രാസെനേക്കയുടെ പിന്തുണയുള്ള ഓക്സ്ഫോര്‍ഡ് കോവിഡ് -19 വാക്സിന്റെ പ്രാഥമിക പരീക്ഷണങ്ങളെക്കുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിലും പരീക്ഷിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പരീക്ഷണ അനുമതി തേടി. വാക്‌സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനിയുള്ള പരീക്ഷണഘട്ടങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നീങ്ങിയാല്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലോകമെങ്ങുമുള്ള വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വാക്‌സിന്‍ നിര്‍മാതാക്കളായ അസ്ത്ര സേനകയുടെ പ്രതീക്ഷ. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിന്‍ ഗവേഷണ സഹകരണത്തിനായി ഓക്‌സ്‌ഫോര്ഡ് സര്‍വകലാശാലയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ കൂടി വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്. ഇതിനായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ അനുമതി തേടിക്കഴിഞ്ഞതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി ഇ ഓ അറിയിച്ചു.
പരീക്ഷണം വിജയമായാല്‍ ഇന്ത്യയില്‍ താങ്ങാനാവുന്ന വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്.

ആയിരം രൂപയില്‍ കവിയാത്ത വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ സഹായത്തോടെ ഇത് ദരിദ്രര്‍ക്ക് സൗജന്യമായി നല്‍കാനും കഴിയും. എന്നാല്‍ ഈ പ്രതീക്ഷകള്‍ എല്ലാം അന്തിമ പരീക്ഷണ ഫലത്തെ ആശ്രയിച്ചിരിക്കുന്നു. വലിയ പ്രതീക്ഷയോടെയാണ് ലോകം ഈ വാക്‌സിനായി കാത്തിരിക്കുന്നത്.

Exit mobile version