ബംഗളുരു: കൊവിഡ് രോഗത്തിന്റെ സാഹചര്യത്തിൽ ശരിയായ ചികിത്സ കിട്ടാതെ വലഞ്ഞ് സാധാരണ ജനങ്ങൾ. ബംഗളൂരുവിൽ പൂർണ്ണഗർഭിണിയായ യുവതി ചികിത്സ കിട്ടാതെ ഓട്ടോറിക്ഷയിൽ പ്രസവിച്ചെന്ന വാർത്ത ആരുടേയും കണ്ണുനനയിക്കും. പ്രസവവേദനയെത്തുടർന്ന് എത്തിയ യുവതിയെ ആശുപത്രികൾ ചികിത്സയ്ക്കായി പ്രവേശിപ്പിക്കാൻ മടിക്കുകയായിരുന്നു. ചികിത്സയ്ക്ക് വേണ്ടി ആശുപത്രികൾ തേടി ഓടുന്നതിനിടെ ഓട്ടോയിൽ യുവതി പ്രസവിക്കുകയും കൃത്യമായ ചികിത്സ ലഭിക്കാത്തതിനാൽ കുഞ്ഞ് മരിച്ചുപോവുകയും ചെയ്തു.
ബംഗളൂരുവിലെ കെസി ജനറൽ ആശുപത്രിക്ക് പുറത്തുവച്ചാണ് യുവതി പ്രസവിച്ചത്. ശ്രീറാംപുര സർക്കാർ ആശുപത്രി, വിക്ടോറിയ ആശുപത്രി, വാണിവിലാസ് ആശുപത്രി എന്നീ മൂന്ന് ആശുപത്രികളാണ് യുവതിയുടെ പ്രവേശനം നിഷേധിച്ചത്. എവിടെയും കിടക്കകളില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇതോടെ യുവതിയെ പ്രവേശിപ്പിക്കാൻ ആശുപത്രി സൗകര്യത്തിനായി നെട്ടോട്ടത്തിലായിരുന്നു ബന്ധുക്കൾ. ഇതിനിടയിലാണ് കെസി ജനറൽ ആശുപത്രിക്ക് മുന്നിൽ വച്ച് ഓട്ടോയിൽ യുവതി പ്രസവിച്ചതും കുഞ്ഞിന്റെ ജീവൻ നഷ്ടമായതും.
മിക്ക ആശുപത്രികളും കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ട് നവജാത ശിശുക്കളാണ് ചികിത്സ ലഭിക്കാതെ ബംഗളുരുവിൽ മരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വലിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം ആശുപത്രികളുടെ ലൈസൻസ് റദ്ദ് ചെയ്യാനടക്കം ആവശ്യം ഉയരുകയാണ്. അതേസമയം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചു.
്‌കൊവിഡ് ബാധിതരല്ലാത്ത രോഗികൾ ധാരാളമായി കർണാടകയിൽ മരിക്കുന്നുണ്ട്. ചികിത്സ നിഷേധിക്കുന്ന അത്തരം ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കണമെന്നും ട്വീറ്റിൽ സിദ്ധരാമയ്യ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു..
Discussion about this post