ന്യൂഡൽഹി: കൊവിഡ് ഏറ്റവും മൂർധന്യത്തിലേക്ക് നടന്നടുക്കുകയാണ് എന്ന് ഓർമ്മിപ്പിച്ച് രാജ്യത്തെ ആരോഗ്യ വിദഗ്ധർ. ശക്തമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുകയും പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറുകയും ചെയ്താൽ കൊവിഡിനെ സെപ്റ്റംബറിന് ശേഷം താഴോട്ട് എത്തിക്കാമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. സെപ്റ്റംബർ മധ്യത്തോടെ കൊവിഡ്19 ഇന്ത്യയിൽ മൂർധന്യത്തിലെത്തുമെന്നും അതിനു ശേഷം താഴേക്കു വരുമെന്നുമാണ് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും എയിംസിലെ ഹൃദ്രോഗവിഭാഗം മുൻ തലവനുമായ പ്രഫ. കെ ശ്രീനാഥ് റെഡ്ഡി അഭിപ്രായപ്പെടുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ പല സമയത്തായിരിക്കും കൊവിഡ് മൂർധന്യത്തിലെത്തുകയെന്നും അദ്ദേഹം പറയുന്നു. ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടം വരെ ഇന്ത്യയിൽ നിയന്ത്രണങ്ങൾ കർശനമായിരുന്നെന്നും മെയ് 3ന് ഇളവുകൾ ആരംഭിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയതെന്നും ഇദ്ദേഹം പറയുന്നു. ഈ ഘട്ടത്തിൽ രോഗലക്ഷണങ്ങളുള്ള വീടുകളിലെ സർവേ, ദ്രുത പരിശോധന, ഐസലേഷൻ, തീവ്രമായ സമ്പർക്ക അന്വേഷണം തുടങ്ങിയവ നിലനിർത്തേണ്ടതായിരുന്നെന്നും പ്രഫ. റെഡ്ഡി ചൂണ്ടിക്കാട്ടി.
അതേസമയം, പൊതുജനങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തേയും അദ്ദേഹം കുറ്റപ്പെടുത്തി. പുറത്തേക്ക് ഇറങ്ങുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളിലും പൊതുജനങ്ങൾ വീഴ്ചവരുത്തിയെന്നും ഹാർവാർഡിലെ സാംക്രമികരോഗവിഭാഗം പ്രഫസർ കൂടിയായ പ്രഫ. റെഡ്ഡി കുറ്റപ്പെടുത്തി.
ആശുപത്രിയിലെ ബെഡുകളുടെ സൗകര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആരോഗ്യ വകുപ്പും പ്രവർത്തകരും സമ്പർക്കാന്വേഷണം പോലീസുകാർക്ക് വിട്ട് കൊടുത്തതും വീഴ്ചയാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇനി നമുക്ക് ചെയ്യാനുള്ള പ്രധാന കാര്യം വൈറസ് ഗ്രാമീണ ഇന്ത്യയിലേക്ക് കടക്കുന്നത് തടയലാണ്. ഇന്ത്യയുടെ മൂന്നിൽ രണ്ട് ഭാഗം ജനസംഖ്യയും വസിക്കുന്ന മേഖലകളായതിനാൽ ഇവിടങ്ങളിൽ വൈറസ് വ്യാപിക്കുന്നത് വലിയ നാശം വിതയ്ക്കുമെന്നാണ് പ്രൊഫ.റെഡ്ഡി അഭിപ്രായപ്പെട്ടത്.
Discussion about this post