ന്യൂഡല്‍ഹി: ഇത്രയും വര്‍ഷത്തിനിടെ ഇതാദ്യം, ഇത്തരത്തിലുള്ള പ്രവര്‍ത്തിക്ക് മുതിര്‍ന്നതിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്ന് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി. നളിനി കഴിഞ്ഞ 29 വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്. നളിനി ജയിലില്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുകഴേന്തിയുടെ പ്രതികരണം.
വെല്ലൂര്‍ വനിതാ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി, തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മില്‍ വഴക്കുണ്ടായി. വിഷയം ഈ തടവുകാരി ജയിലറെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പുകഴേന്തി പറഞ്ഞു.
ഇത്രയും വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തിക്ക് മുതിര്‍ന്നത്. ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ല. എന്താണ് യഥാര്‍ഥ കാരണമെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. രാജീവ് വധക്കേസില്‍ നിലവില്‍ ശിക്ഷ അനുഭവിക്കുന്നയാളും നളിനിയുടെ ഭര്‍ത്താവുമായ മുരുകന്‍ ജയിലില്‍നിന്ന് വിളിച്ചിരുന്നെന്നും നളിനിയെ പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായും പുകഴേന്തി പറഞ്ഞു.