ബംഗളൂരു: തെലുങ്ക് നടി ഐശ്വര്യ അര്ജുന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ നല്കിയ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ഐശ്വര്യ. താരം തന്നെയാണ് കോവിഡ് ബാധിച്ച വിവരം അറിയിച്ചത്.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് കോവിഡ് പരിശോധന നടത്തണമെന്നും നടി പറയുന്നു. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന താരം നിലവില്‍ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി.
തെന്നിന്ത്യന്‍ താരം അര്ജുന് സര്‍ജയുടെ മകളാണ് ഐശ്വര്യ. അന്തരിച്ച നടന് ചിരഞ്ജീവി സര്‍ജയുടെ സഹോദരന് ധ്രുവ സര്ജയ്ക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ കഴിയുകയാണ്.
കന്നഡ നടി സുമലത അംബരീഷിനും കോവിഡ് ബാധിച്ചിരുന്നു. ഇതിനോടകം നിരവധി സിനിമാതാരങ്ങള്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും, ഐശ്വര്യാ റായിയും മകള്‍ ആരാധ്യയും വൈറസ് ബാധിച്ച് ചികിത്സയിലാണ്.
Discussion about this post