ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നടത്തുന്ന കൊവിഡ് വാക്‌സിൻ പരീക്ഷണം ആദ്യഘട്ടത്തിൽ 375 പേരിൽ നടത്തുമെന്ന് എയിംസ് ഡയറക്ടർ രൺദിപ് ഗുലേറിയ അറിയിച്ചു. കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് സന്നദ്ധരായ 1800 പേർ എയിംസ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 1,125 പേരിലായിരിക്കും വാക്‌സിൻ പരീക്ഷണം നടത്തുകയെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.
വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിനായി 375 പേരെയാണ് തെരഞ്ഞെടുക്കുക. ഇതിലൂടെ വാക്‌സിന്റെ സുരക്ഷിതത്വവും എത്ര ഡോസ് വേണമെന്നുമുള്ളത് പഠിക്കും. രണ്ടാം ഘട്ടത്തിൽ 12 വയസുമുതൽ 65 വയസ് വരെയുള്ള പ്രായത്തിലുള്ള 700 പേരിൽ പരീക്ഷണം നടത്തും. മൂന്നാം ഘട്ടത്തിൽ ഇതിലുമധികം ആളുകളിൽ പരീക്ഷണം നടത്തും. മൂന്നാം ഘട്ടം കഴിയുന്നതോടെ പരീക്ഷണത്തിന് വിധേയമായവരിൽ വൈറസിനോട് എത്രത്തോളം പ്രതിരോധം ആർജിച്ചുവെന്ന് പഠിക്കുമെന്നും എയിംസ് ഡയറക്ടർ വ്യക്തമാക്കി.
മൂന്ന് മൈക്രോഗ്രാം മുതൽ ആറ് മൈക്രോഗ്രാം വരെയുള്ള ഡോസുകളാകും പരീക്ഷിക്കുക. വാക്‌സിൻ കുത്തിവെച്ചതിന് ശേഷമുള്ള ആദ്യ രണ്ടുമണിക്കൂർ രോഗിയെ ആശുപത്രിയിൽ വെച്ച് തന്നെ നിരീക്ഷിക്കും. തുടർന്ന് 28 ദിവസത്തേക്ക് പ്രത്യേകമായി നിരീക്ഷണത്തിലാക്കും. മൂന്ന് മാസത്തോളം ഇവരിൽ നിന്ന് വിവരം ശേഖരിക്കുന്നത് തുടരുകയും ചെയ്യും. മറ്റ് ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് വ്യക്തമാകുന്നവരിൽ മാത്രമേ വാക്‌സിൻ പരീക്ഷിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യവ്യാപകമായി കോവിഡിന്റെ സമൂഹവ്യാപനം സംഭവിച്ചുവെന്നതിന് തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങൾ ഉൾപ്പെടെ നിരവധി ഹോട്ട് സ്‌പോട്ടുകൾ രാജ്യത്തുണ്ട്. പ്രാദേശികമായ വ്യാപനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.