വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹത നേടി 11കാരിയായ സ്മൃതി കാലിയ. മൂന്ന് മിനിറ്റില്‍ നൂറ് യോഗാ പോസുകള്‍ കാണിച്ചാണ് ഇന്ത്യന്‍ വംശജയായ ഈ കൊച്ചുമിടുക്കി റെക്കോര്‍ഡ് നേടിയത്. ദുബായിയിലെ അംബാസിഡര്‍ സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്മൃതി.
സ്മൃതിയുടെ മൂന്നാമത്തെ നേട്ടം കൂടിയാണിത്. ഏറ്റവും വേഗത്തില്‍ കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ യോഗ നിലകള്‍ ചെയ്തതിനാണ് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ സ്മൃതി ഇടം പിടിച്ചത്. ബുര്‍ജില്‍ ഖലീഫയുടെ വ്യൂവിങ് ഡെക്കിലായിരുന്നു മൂന്ന് മിനിറ്റും 18 സെക്കന്‍ഡും നീണ്ട യോഗ പ്രകടനം.
രണ്ടാമത്തെ ലോക റെക്കോര്‍ഡ് നേടി ആഴ്ചകള്‍ക്കുള്ളിലാണ് വേള്‍ഡ് റെക്കോര്‍ഡിലും സ്മൃതി ഇടം നേടിയത്. ജൂണ്‍ 21 ഇന്റര്‍ നാഷണല്‍ യോഗാ ദിനത്തിനായിരുന്നു രണ്ടാമത്തെ റെക്കോര്‍ഡ്. ഒരു ചെറിയ ബോക്സിനുള്ളില്‍ യോഗയിലെ ഏറ്റവും പ്രയാസമുള്ള 40 പോസുകള്‍ ചെയ്തതിനായിരുന്നു അത്. അതും ഒരു മിനിറ്റിനുള്ളില്‍ ചെയ്താണ് നേട്ടം.
ദിവസവും മൂന്ന് മണിക്കൂറാണ് യോഗാ പരിശീലനം. യോഗയിലെ മികച്ച പ്രകടനത്തിന് പ്രവാസി ഭാരതീയ ദിവസ് 2020 അവാര്‍ഡും സ്മൃതി നേടിയിട്ടുണ്ട്.