ഗുവാഹത്തി: പ്രളയത്തില്‍ മുങ്ങി ആസാം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 107 പേരുടെ ജീവനാണ് പൊലിഞ്ഞത്. മുപ്പത് ജില്ലകളിലായി 50 ലക്ഷത്തോളം പേരാണ് ദുരിതത്തിലായിരിക്കുന്നത്. സംസ്ഥാനത്ത് 287 ദുരിതാശ്വാസ ക്യാമ്പുകളിലായി 47,023 പേരാണ് കഴിയുന്നത്.
പ്രളയത്തില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളാണ് നശിച്ചത്. കാശിരംഗ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. നിരവധി വന്യജീവികള്‍ വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെടുകയും ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആസാം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടേയും സംസ്ഥാന ദുരന്തനിവാരണ സേനയുടേയും അംഗങ്ങള്‍ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം ബിഹാറിലും കനത്ത മഴ തുടരുകയാണ്. ബാഗ്മതി, കംല ബലന്, കോസി തുടങ്ങിയ നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ എട്ട് ജില്ലകളാണ് ദുരിതത്തിലായിരിക്കുന്നത്. ബിഹാറിന് പുറമേ ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും രണ്ട് ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Discussion about this post