കൊവിഡിനെ ഉന്മൂലനം ചെയ്യലാണ് മഹാരാഷ്ട്രയുടെ ലക്ഷ്യം; രാമക്ഷേത്രം നിർമ്മിച്ചാൽ കൊവിഡിനെ തുടച്ചുനീക്കാമെന്നാണ് ചിലരുടെ വിചാരം: മോഡിയെ ലക്ഷ്യം വെച്ച് ശരദ് പവാർ

മുംബൈ: രാജ്യം കൊവിഡ് ഭീതിയിൽ കഴിയവെ രാമക്ഷേത്ര നിർമ്മാണത്തിന് അതീവ പ്രാധാന്യം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ. അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനു പിന്നാലെയാണ് പ്രതികരണവുമായി ശരദ് പവാർ രംഗത്തെത്തിയത്. രാമക്ഷേത്രം നിർമ്മിച്ചാൽ കൊവിഡിനെ തുടച്ചു നീക്കാമെന്നാണ് ചിലരുടെ വിചാരമെന്നാണ് അദ്ദേഹം പറഞ്ഞു.

‘കൊവിഡിനെ ഉൻമൂലനം ചെയ്യുക എന്നതിനാണ് മഹാരാഷ്ട്ര സർക്കാർ മുൻഗണന കൊടുക്കുന്നത്. പക്ഷെ ചിലർ കരുതുന്നത് രാമ ക്ഷേത്രം നിർമ്മിക്കുന്നത് കോവിഡിനെ ശമിപ്പിക്കുമെന്നാണ്’. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സോളാപ്പൂരിൽ മാധ്യമപ്രവർത്തകരോട് മറുപടി പറയുകയായിരുന്നു പവാർ.

അതേസമയം, മാസങ്ങൾക്ക് മുമ്പ് തുടങ്ങേണ്ടിയിരുന്ന രാമക്ഷേത്ര നിർമ്മാണം കൊവിഡ് ഭീഷണിയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഓഗസ്റ്റ് 3, 5 തീയതികളാണ് ശുഭ മുഹൂർത്തങ്ങളായി ഇപ്പോൾ കണ്ടുവെച്ചിരിക്കുന്നതെന്ന് രാമ ക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റ് നൃത്യഗോപാൽ ദാസിന്റെ വക്താവ് മഹന്ദ് കമാൽ നയൻ ദാസ് പറഞ്ഞു. ഭൂമിപൂജ പ്രധാനമന്ത്രി നിർവ്വഹിക്കണമെന്നാണ് രാജ്യത്തിന്റെ മുഴുവൻ അഭിപ്രായമെന്നും ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.

Exit mobile version