ഹൈദരാബാദ്: വൈദ്യുതിമുടക്കം പതിവായതോടെ രോഷാകുലരായ നാട്ടുകാര്‍ വൈദ്യുതിവകുപ്പിലെ ജീവനക്കാരെ കെട്ടിയിട്ടു. തെലങ്കാനയിലെ മേഡക് ജില്ലയിലെ അലദുര്‍ഗിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. റീഡിങ് എടുക്കാന്‍ എത്തിയ രണ്ടു ജീവനക്കാരെയാണ് നാട്ടുകാര്‍ തൂണില്‍ കെട്ടിയിട്ട് പ്രതിഷേധിച്ചത്. പോലീസ് സ്ഥലത്തെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്.
മേഡക് ജില്ലയിലെ അലദുര്‍ഗ് മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് റീഡിങ് എടുക്കാന്‍ രണ്ട് ജീവനക്കാര്‍ ശനിയാഴ്ച പോയിരുന്നു. ഇവരെയാണ് നാട്ടുകാര്‍ വളഞ്ഞുവെച്ച് വൈദ്യുതിമുടക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ഗ്രാമത്തിലേക്ക് മാത്രമായി ഒരു ടെക്നീഷ്യനെ വിട്ടുതരണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
വൈദ്യുതി മുടക്കം സംബന്ധിച്ച പരാതി വിളിച്ചു പറയുമ്പോള്‍ മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതോടെ ജീവനക്കാരുമായി വാക്കുതര്‍ക്കമായി. ഇതിനിടെ രോഷാകുലരായ നാട്ടുകാര്‍ സമീപത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ തൂണില്‍ ജീവനക്കാരെ കെട്ടിയിടുകയായിരുന്നു.
അതേസമയം, ജീവനക്കാരില്‍ ഒരാള്‍ ഓഫീസില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് ട്രാന്സ്കോയിലെ അസിസ്റ്റന്റ് എഞ്ചിനീയറും പോലീസ് സബ് ഇന്‍സ്പെക്ടറും സ്ഥലത്തെത്തി. ഇവര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയിലാണ് ജീവനക്കാരെ കെട്ടഴിച്ചുവിട്ടത്. ഗ്രാമത്തിലെ വൈദ്യുതി മുടക്കത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ നടപടിയെടുക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഉറപ്പ് നല്കി.
Discussion about this post