മുംബൈ: മാസ വരുമാനം 14,000ത്തില്‍ താഴെ, 80കാരിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടില്‍ 196 കോടിയോളം രൂപയുടെ നിക്ഷേപം കണ്ടെത്തി. ബംഗളൂരു സ്വദേശിനിയായ രേണു തരണിയുടെ അക്കൗണ്ടിലാണ് വന്‍ തുകയുടെ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്.
തുടര്‍ന്ന് രേണു തരണിയോട് ആദായനികുതി വകുപ്പിന്റെ അപ്പലേറ്റ് ട്രൈബ്യൂണല്‍ പിഴത്തുകയും നികുതിയും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. നിലവില്‍ ഇവര്‍ വിദേശത്താണുള്ളത്.
എച്ച്എസ്ബിസി ജനീവയിലാണ് ഇവര്‍ക്ക് ബാങ്ക് അക്കൗണ്ടുള്ളത്. തരണി ഫാമിലി ട്രസ്റ്റിന്റെ പേരില്‍ 2004 ജൂലായിലാണ് അക്കൗണ്ട് തുറന്നത്. കെയ്മാന്‍ ഐലന്‍ഡ്സിലുള്ള ജി ഡബ്ല്യൂ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനമാണ് ഇവരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചിട്ടുള്ളത്.
തരണി 2005 -06 ല്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ തനിക്ക് ജനീവ എച്ച്എസ്ബിസിയില്‍ അക്കൗണ്ട് ഇല്ലെന്ന് അവര്‍ ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജി ഡബ്ല്യൂ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെ ഡയറക്ടറോ ഓഹരി ഉടമയോ അല്ല. താന്‍ ഇപ്പോള്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരി അല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ഷിക വരുമാനം 1.7 ലക്ഷമാണെന്നാണ് 2005-06 ല്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണില്‍ അവര്‍ പറയുന്നത്. ബംഗളൂരുവിലെ വിലാസത്തിലാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്. വളരെ കുറഞ്ഞ കാലത്തിനിടെ 200 കോടി രൂപയോളം ഇവരുടെ അക്കൗണ്ടില്‍ എത്തിയത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ പറയുന്നു. ജീവകാരുണ്യ സംഘടന നടത്താന്‍ തക്കവിധം പൊതുരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയല്ല അവരെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Discussion about this post