മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ അര്‍ധരാത്രിയില്‍ റെയ്ഡും അറസ്റ്റും; മനംനൊന്ത് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

ഗുവാഹാത്തി: അര്‍ധ രാത്രി വീട്ടില്‍ റെയ്ഡ് നടത്തി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ആസാമിലാണ് ദാരുണ സംഭവം. പ്രദേശിക ഭാഷാ ചാനലിലെ റിപ്പോര്‍ട്ടറും ദുബ്രി പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന രാജീവ് ശര്‍മ്മയുടെ വീട്ടിലാണ് അര്‍ധരാത്രി റെയ്ഡും അറസ്റ്റും നടന്നത്. ഒരു കവര്‍ച്ചാ കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രാജീവ് ശര്‍മ്മയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്.

പിന്നാലെ രാജീവ് ശര്‍മ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റില്‍ മനംനൊന്ത് 64 കാരനായ പിതാവ് സുധിന്‍ ശര്‍മ്മ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. കന്നുകാലി കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകള്‍ ചെയ്തിട്ടുള്ളയാളാണ് രാജീവ് ശര്‍മ്മ. കന്നുകാലി കള്ളക്കടത്ത് സിന്‍ഡിക്കേറ്റില്‍ പങ്കുണ്ടെന്ന വാര്‍ത്ത തനിക്കെതിരെ കെട്ടിച്ചമച്ചുവെന്നും വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ശര്‍മ്മ തന്നില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈക്കലാക്കാന്‍ ശ്രമിച്ചതായും ദുബ്രി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റും റെയ്ഡും നടത്തിയത്.

രാജീവിന്റെ അറസ്റ്റിന് പിന്നാലെ സുധിന്‍ ശര്‍മ്മയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വീട്ടില്‍ തനിച്ചായിപ്പോയ ഇദ്ദേഹത്തെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. രാവിലെ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ രാജീവ് ശര്‍മ്മ കണ്ടത് ചേതനയറ്റ പിതാവിനെയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ഗൗരിപൂര്‍ ശ്മശാനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ രാജീവ് ശര്‍മ്മ പിതാവിന്റെ സംസ്‌കാരം നടത്തി.

Exit mobile version