വാരണാസിയില്‍ നേപ്പാളി യുവാവിന് നേരെ ഹിന്ദു സംഘടനാപ്രവര്‍ത്തകരുടെ അക്രമം; തല മൊട്ടയടിച്ച് ജയ് ശ്രീറാം എഴുതി,നേപ്പാള്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം വിളിപ്പിച്ചു

വാരണാസി: യുപിയില്‍ നേപ്പാളി പൗരന്റെ തല മൊട്ടയടിച്ച് ജയ് ശ്രീറാം എഴുതി, ഹിന്ദു സംഘടനാപ്രവര്‍ത്തകരുടെ ആക്രമണം. നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലിക്കെതിരെ മുദ്രാവാക്യം വിളിപ്പിക്കുകയും ജയ് ശ്രീ റാം എന്ന് യുവാവിനെ കൊണ്ട് വിളിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ വാരണസിയിലെ രാജേന്ദ്ര പ്രസാദ് ഗംഗാ ഘട്ടിനു സമീപം വ്യാഴാഴ്ചയാണ് സംഭവം. ‘വിശ്വ ഹിന്ദു സേന’ എന്ന ഹിന്ദുത്വ സംഘടനയിലെ അംഗങ്ങളാണ് യുവാവിനെ മൊട്ടയടിച്ച് തലയില്‍ ജയ് ശ്രീറാം എന്ന് എഴുതിയത്.

സംഭവത്തില്‍ കേസെടുത്തതായി വാരണസി പോലിസ് അറിയിച്ചു. വിശ്വഹിന്ദു സേനയുടെ കണ്‍വീനര്‍ അരുണ്‍ പഥക് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ സംഭവത്തിന്റെ വീഡിയോ ലൈവ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം യഥാര്‍ത്ഥത്തില്‍ ഉള്ള അയോധ്യ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് നേപ്പാള്‍ പൗരനെ വാരണാസിയില്‍ അപമാനിച്ചത്.

അര്‍ധ നഗ്‌നനാക്കിയ യുവാവിനോട് ഒലിക്കും നേപ്പാളിനുമെതിരെ മുദ്രാവാക്യം വിളിക്കാനും നേപ്പാളികള്‍ക്ക് ഉപജീവന അവസരങ്ങള്‍ നല്‍കിയതിന് ഇന്ത്യയെ പ്രശംസിക്കാനും ആളുകള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. നേപ്പാളി ഭാഷയില്‍ സംസാരിക്കുന്ന ഇയാളെ ‘ജയ് ശ്രീ റാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാനും ഹിന്ദുത്വ സംഘടനയിലെ അംഗങ്ങള്‍ ആക്രോശിക്കുന്നുണ്ട്.

നേരത്തെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്കെതിരെ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്തും അയോധ്യയിലെ സന്യാസിമാരും രംഗത്ത് എത്തിയിരുന്നു. ശ്രീരാമനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version