കൊല്‍ക്കത്ത: സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരനോ അല്ലെന്നും ജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സഹകരിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് 1690 പേരാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 23 പേര് മരണപ്പെടുകയും ചെയ്തു.
മമത ബാനര്‍ജിയുടെ വാക്കുകള്‍ ഇങ്ങനെ;
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പതിനായിരം വെന്റിലേറ്റര്‍ ലഭിക്കുമെന്ന് ഞങ്ങള്‍ കരുതി. അതുപോലെ ഓക്സിജന്‍ സിലിണ്ടറുകളും പ്രതീക്ഷിച്ചു. സൗജന്യമരുന്നുകളും പിപിഇ കിറ്റുകളും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എന്താണ് കിട്ടിയത്. ഒന്നും കിട്ടിയിട്ടില്ല. ശൂന്യമായ കൈകളുമായിട്ടാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്.
കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും ചെയ്യുന്നു. അത് മാത്രം മതിയോ? വളരെ ഖേദത്തോട് കൂടിയാണ് ഞാനിത് പറയുന്നത്. കൂടുതല്‍ കാലം ഇങ്ങനെ മുന്നോട്ട് പോകാന്‍ എങ്ങനെ സാധിക്കും? എല്ലാ സര്‍ക്കാരിനും പരിമിതികളുണ്ട്. അതിനാല്‍ കൊവിഡിനോട് പൊരുതാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്.
സര്‍ക്കാര്‍ ദൈവമല്ല. മായാജാലക്കാരനുമല്ല. എന്നാല്‍ സൗജന്യ റേഷന്‍ നല്‍കുകയും സ്കോളര്‍ഷിപ്പിനും വിവാഹത്തിനും പെന്‍ഷനും പണം നല്കുന്ന ചെയ്യുന്ന സര്‍ക്കാരാണിത്. ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ സാധിക്കും. സര്‍ക്കാരിനാവശ്യം ജനങ്ങളുടെ സഹകരണമാണ്.
Discussion about this post