ലക്‌നൗ: ഒരേ മുഖം, ഒരേ ചിരി, ഒരേ താത്പര്യങ്ങള്‍ ഒടുവില്‍ പ്ലസ് ടു പരീക്ഷയില്‍ ഒരേ മാര്‍ക്കും വാങ്ങി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് നോയിഡയില്‍ നിന്നുള്ള ഈ ഇരട്ടക്കുട്ടികള്‍. വെറും ഒന്‍പത് മിനിറ്റിന്റെ വ്യത്യാസത്തില്‍ ജനിച്ച മാന്‍സിയും മാന്യയുമാണ് മാതാപിതാക്കളെയും ബന്ധുക്കളെയുമെല്ലാം അമ്പരപ്പിച്ച് ഒരേ മാര്‍ക്ക് നേടിയത്.
2003 മാര്‍ച്ച് മൂന്നിനാണ് മാന്‍സിയും മാന്യയും ജനിച്ചത്. വളരുതോറും ഇരുവരുടെയും ഇഷ്ടങ്ങള്‍ ഒന്നായിരുന്നു. കാണാനും ഒരുപോലെ, ഒരേ ചിരി. താത്പര്യങ്ങളും ആഹാരശീലങ്ങളുമെല്ലാം ഒരേപോലെ തന്നെ. ഇപ്പോഴിതാ പരീക്ഷയിലും ഞങ്ങള്‍ ഒരേപോലെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇരട്ടപ്പെണ്‍കുട്ടികള്‍.
സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ മാന്‍സിക്കും മാന്യയ്ക്കും ഒരേ മാര്‍ക്കാണ് ലഭിച്ചത്. 95.8 ശതമാനമാണ് സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥികളായ ഇവര്‍ക്ക് ലഭിച്ചത്. മാര്‍ക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കളായ സുചേതന്‍ രാജ് സിങ്ങും വിജയ സിങ്ങും.
സംശയങ്ങളെല്ലാം പരസ്പരം തീര്‍ത്ത് ഒന്നിച്ചിരുന്നാണ് തങ്ങള്‍ പഠിച്ചിരുന്നതെന്ന് മാന്‍സിയും മാന്യയും പറയുന്നു. ഫിസിക്‌സില്‍ എന്നേക്കാള്‍ മിടുക്കിയാണ് മാന്യ. എന്നാല്‍ കെമിസ്ട്രിയില്‍ എനിക്കാണ് കൂടുതല്‍ മാര്‍ക്ക്. മറ്റെല്ലാ വിഷയങ്ങളും ഒരുപോലെയാണെന്ന് മാന്‍സി പറഞ്ഞു.
എല്ലാ വിഷയത്തിനും ഒപ്പത്തിനൊപ്പമാണ് ഇവര്‍ മാര്‍ക്ക് നേടിയിരുന്നത്. ഇവരെ തമ്മില്‍ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാറില്ലെന്ന് അധ്യാപകരും പ്രിന്‍സിപ്പലും പറയുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ആസ്റ്റര്‍ പബ്ലിക് സ്‌കൂളിലാണ് ഇരുവരും പഠിച്ചത്.