ദിസ്പൂര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആസമില്‍ മരിച്ചവരുടെ എണ്ണം 92 ആയി. സോനിത്പൂര്‍, ബാര്‍പേത, ഗോലാഘട്ട, മോറിഗാവ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. അതേസമയം സംസ്ഥാനത്തെ ബ്രഹ്മപുത്ര ഉള്‍പ്പെടെയുള്ള മിക്ക നദികളും കര കവിഞ്ഞൊഴുകുകയാണ്. കേന്ദ്ര ജല കമ്മീഷനാണ് ഈ കാര്യം അറിയിച്ചു. 26 ജില്ലകളിലായി 36 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്.
വെള്ളപ്പൊക്കം കാസിരംഗ ദേശിയ പാര്‍ക്കിനെയും സാരമായി ബാധിച്ചു. പാര്‍ക്കിന്റെ 95 ശതമാനവും വെള്ളം നിറഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എറ്റവും വലിയ വാസകേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമാണ് കാസിരംഗ ദേശീയ പാര്‍ക്ക്. പ്രളയത്തില്‍ ഇതു വരെ 66 വന്യമൃഗങ്ങള്‍ ചത്തുവെന്നാണ് റിപ്പോര്‍ട്ട്.