ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കിയേക്കും. ഇതു സംബന്ധിച്ചുള്ള സജീവമായ ആലോചനകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിവരികയാണ്. ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജയലളിതയുടെ ഔദ്യോഗിക വസതി സ്മാരകമായി മാറ്റുന്നതിനെതിരെ ഒരു റസിഡന്റ്സ് അസോസിയേഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്. ജയലളിതയുടെ വസതി സ്മാരകമായി മാറ്റുകയാണെങ്കില്‍, ആയിരക്കണക്കിന് ആളുകള്‍ സ്ഥിരമായി ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഇടയുണ്ടെന്നും അത് തങ്ങളുടെ സൈ്വരജീവിതത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പോയസ് ഗാര്‍ഡന്‍, കസ്തൂരി എസ്റ്റേറ്റ് ഹൗസ് ഓണേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഒരു വസതിയെ സ്മാരകമാക്കി മാറ്റുന്നത് ആദ്യമായല്ലെന്നും ജനങ്ങളുടെ സ്നേഹവും അംഗീകാരവും നേടിയ നിരവധി നേതാക്കളുടെ കാര്യത്തില്‍ ഇങ്ങനെ മുമ്പും സംഭവിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടേത് വെറും ആശങ്കമാത്രമാണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. പിന്നാലെ ഹര്‍ജി തള്ളുകയും ചെയ്തു.