ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഐഎംഎ. അതീവ ജാഗ്രത പാലിക്കണമെന്നും രോഗം വരാതെയിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കമെന്നും ഐഎംഎ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി.
കൊവിഡ് വൈറസ് വ്യാപിക്കുകയാണ്. അതിനാല്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും കര്‍ശനമായി പാലിക്കണമെന്നാണ് ഐഎംഎ നല്കുന്ന നിര്‍ദ്ദേശം. ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ കാര്യത്തിലും സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഐഎംഎ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്കി.
ഐഎംഎ യുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1302 ഡോക്ടര്‍മാര്‍ക്ക് രോഗം വന്നു. ഇതില്‍ 99 പേര്‍ മരിച്ച സാഹചര്യത്തിലാണ് കര്‍ശന മുന്‍കരുതലിന് ഐഎംഎ റെഡ് അലര്‍ട്ട് നല്കിയിരിക്കുന്നത്. രാജ്യത്തെയാകമാനം ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊവിഡ് വ്യാപിക്കുന്നത്.
24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,36,181 ആയി. രോഗവ്യാപന നിരക്ക് ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടക്കും.
Discussion about this post