മധുര: തമിഴ്‌നാട്ടിൽ നിന്നും അപൂർവ്വ സൗഹൃദത്തിന്റെ മനംനിറയ്ക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. മധുരയിൽ നിന്നുള്ള പശുവിന്റെയും അമ്പലക്കാളയുടെയും സ്‌നേഹത്തിന്റെ കഥയാണ് സോഷ്യൽമീഡിയയെ കീഴടക്കുന്നത്. ഉടമ വിറ്റ പശുവിനെ കൊണ്ടുപോയ വാഹനത്തെ കാള ഒരു കിലോമീറ്ററിലധികം ദൂരം പിന്തുടർന്നു തടഞ്ഞുനിർത്തുകയായിരുന്നു. ഒടുവിൽ സംഭവം വലിയ വാർത്തയായതോടെ കൂടുതൽ പേർ ഇടപെടുകയും പശുവിന്റെയും കാളയുടെയും സ്‌നേഹത്തിന്റെ ആഴം മനസിലാക്കി ഇരുവരെയും ഒന്നിപ്പിക്കുകയും ചെയ്തു.
സിനിമാക്കഥയേക്കാൾ അമ്പരപ്പിക്കുന്ന ക്ലൈമാക്‌സാണ് ഈ സംഭവത്തിനുണ്ടായത്. പശുവിന്റെയും അമ്പലക്കാളയുടേയും സൗഹൃദം എല്ലാ പ്രതിസന്ധികളേയും മറികടക്കുകയായിരുന്നു. മധുര പാലമേടിലെ ചായക്കടക്കാരൻ മുനിയാണ്ടി രാജയാണ് ലക്ഷ്മിയെന്ന പശുവിന്റെ ഉടമ. തൊട്ടടുത്ത ക്ഷേത്രത്തിലെ മഞ്ചുമലൈയെന്ന് വിളിക്കുന്ന അമ്പലക്കാളയാകട്ടെ ലക്ഷ്മിയുടെ സുഹൃത്തും. ഇരുവരെയും മുനിയാണ്ടി തന്നെയാണു പരിപാലിച്ചിരുന്നത്. രാവും പകലും ലക്ഷ്മിയും മഞ്ചുമലൈയും കറങ്ങി നടക്കുന്നത് പതിവുമായിരുന്നു.
ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുനിയാണ്ടി ലക്ഷ്മിയെ കഴിഞ്ഞദിവസം വിറ്റത്. കച്ചവടക്കാരൻ ലക്ഷ്മിയെ വാഹനത്തിൽ കയറ്റുന്നത് കണ്ടതോടെയാണ് കാളയുടെ മട്ട് മാറിയത്. വാഹനം മുന്നോട്ടുനീങ്ങിയതോടെ കാളയും പുറകെ കൂടി. ഒരു കിലോമീറ്ററിലേറെ വാഹനത്തിന് പുറകെ കുതിച്ച് ലക്ഷ്മി പശുവിനെ കയറ്റിയ മിനിലോറി കാള തടഞ്ഞു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഉപമുഖ്യമന്ത്രിയുടെ മകൻ പശുവിനെ കച്ചടക്കാരിൽ നിന്നും പണം കൊടുത്തുവാങ്ങുകയും പിന്നീട് ക്ഷേത്രത്തിനു ദാനം ചെയ്യുകയും ചെയ്തതോടെ സൗഹൃതം പൂത്തുലയുകയായിരുന്നു. സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിൽ മഞ്ചുമലൈക്ക് ലക്ഷ്മിയെ തിരികെ കിട്ടി.