അഹമ്മദാബാദ്: കൊറോണ വൈറസിനെ തുരത്താനായി കണ്ടെത്തിയ ഇന്ത്യൻ നിർമ്മിത വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. കൊവിഡ്19ന് എതിരെയുള്ള സാധ്യതാ വാക്സിൻ എന്ന് വിശേഷിപ്പിക്കുന്ന മരുന്നാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡില മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയതായി അറിയിച്ചിരിക്കുന്നത്. പ്രതിരോധ വാക്സിന്റെ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് പരീക്ഷണം ആരംഭിച്ചത്.
ക്ലിനിക്കൽ ട്രയലിനുള്ള വാക്സിൻ ബാച്ചുകൾ ഇതിനോടകം തന്നെ നിർമ്മിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തുടനീളമുള്ള ആയിരത്തോളം വളണ്ടിയർമാരിൽ പരീക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി. ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഓഫ് ഇന്ത്യ പ്രകാരം ജൂലൈ 4നാണ് സിഡസ് ആദ്യഘട്ട പരീക്ഷണം ആരംഭിച്ചത്. 84 ദിവസത്തിനുള്ളിൽ ആദ്യഘട്ട പരീക്ഷണം പൂർത്തിയാക്കും. രണ്ടാം ഘട്ട പരീക്ഷണവും 84 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
അഹമ്മദാബാദിലെ വാക്സിൻ ടെക്നോളജി സെന്ററിൽ കൊവിഡിനെതിരെയുള്ള സാധ്യതാ ഡിഎൻഎ വാക്സിൻ സികോവ്ഡി (ZyCoVD) വികസിപ്പിച്ചതായി സിഡസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രി ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്സിൻ ചുണ്ടെലി, എലി, ഗിനിപ്പന്നി, മുയൽ എന്നിവയിൽ ഫലപ്രദമായി പ്രവർത്തിച്ചെന്നും സുരക്ഷാപ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സിഡസ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങുന്നത്.
Discussion about this post