ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ബാധകം; വിരമിച്ചവര്‍ക്കും നിരോധനം ബാധകം; ഉത്തരവുമായി ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: എല്ലാ സൈനിക വിഭാഗങ്ങളിലും ഫേസ്ബുക്ക് നിരോധിച്ചു. ഫേസ്ബുക്ക് ഉപയോഗം നിരോധിക്കാന്‍ എല്ലാ സൈനിക വിഭാഗങ്ങളോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദേശം. സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ്, എന്‍എസ്ജി വിഭാഗങ്ങള്‍ക്ക് നിര്‍ദേശം ബാധകമാണ്.

നിലവില്‍ സേവനത്തിലുള്ള സൈനീകരെ കൂടാതെ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും നിരോധനം ബാധകമാണ്. സേവനത്തിലുള്ള സൈനികരുമായി നിരന്തരം ബന്ധപ്പെടുന്നതിനാലാണ് വിരമിച്ചവര്‍ക്കും നിരോധനം ബാധകമാക്കിയത്. രഹസ്യ വിവരങ്ങള്‍ ചോരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ഇന്‍സ്റ്റാഗ്രാം, പബ്ജി, ടിന്‍ഡര്‍, ട്രൂകോളര്‍ തുടങ്ങി 89 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യണമെന്ന് കരസേന സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് എല്ലാ സൈനികവിഭാഗങ്ങള്‍ക്കും ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് ഉപയോഗം നേരത്തെ തന്നെ ഇന്ത്യന്‍ നാവികസേന നിരോധിച്ചിരുന്നു. സുരക്ഷാ വിഷയം മുന്നിര്‍ത്തി ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പെടെ 85 ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതാണ് നാവികസേന നിരോധിച്ചത്. നാവികസേന ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ കുടുക്കി പാക് ചാരസംഘടന വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നാലെയായിരുന്നു വിദേശ ആപ്പുകള്‍ക്ക് നാവികസേന നിരോധനമേര്‍പ്പെടുത്തിയത്.

Exit mobile version