ന്യൂഡൽഹി: ഇന്ത്യൻ കരസേനയിലെ സൈനികരോട് സോഷ്യൽമീഡിയ അക്കൗണ്ടുകളടക്കം 89 ആപ്പുകൾ ഫോണിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ച് സേന ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തിരിച്ചടി നേരിട്ടിരിക്കുകയാണ് ഒരു സൈനികൻ. ഫേസ്ബുക്ക് ഒഴിവാക്കാൻ ആകുന്നില്ലെങ്കിൽ രാജിവയ്ക്കാൻ സൈനികനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
ജൂലൈ 15ന് മുൻപ് സമൂഹമാധ്യമങ്ങളടക്കം 89 ആപ്പുകൾ ഡിലീറ്റ് ചെയ്യണമെന്നാണ് സൈനികർക്ക് കരസേന നിർദേശം നൽകിയിരുന്നത്. ഇതിനെതിരെയാണ് ലഫ്റ്റനന്റ് കേണൽ പികെ ചൗധരി ഹൈക്കോടതിയെ സമീപിച്ചത്.
ഫേസ്ബുക്ക് ഒരിക്കൽ ഡിലീറ്റ് ചെയ്താൽ അതിലെ വിവരങ്ങളും സുഹൃത്തുക്കളും അടക്കം എല്ലാം നഷ്ടപ്പെടുമെന്നും അതൊരിക്കലും തിരിച്ചെടുക്കാനാകാത്ത നഷ്ടമാണു വരുത്തുകയെന്നും ചൗധരി കോടതിയെ അറിയിച്ചു. എന്നാൽ ഇത്തരത്തിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ എപ്പോൾ വേണമെങ്കിലും പുതിയൊരെണ്ണം തുടങ്ങാവുന്നതേ ഉള്ളുവെന്ന് കോടതി വ്യക്തമാക്കി. ഒരു സംവിധാനത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ അവരുടെ നിർദേശങ്ങൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. ഫേസ്ബുക്കിനോട് അത്രയ്ക്ക് അടുപ്പമാണെങ്കിൽ രാജിവയ്ക്കുകയാണു വേണ്ടത്. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം. നിങ്ങൾക്ക് തിരിച്ചെടുക്കാൻ പറ്റാത്ത മറ്റു കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനു പകരം ഡീആക്ടിവേറ്റ് ചെയ്യാമെന്നു ചൗധരി അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
ഇതോടൊപ്പം, കരസേനയുടെ ഉത്തരവിന് ഇടക്കാല പരിഹാരം കാണാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഹർജികൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല. പ്രത്യേകിച്ചും രാജ്യസുരക്ഷയുടെ കാര്യത്തിലാകുമ്പോൾ എന്നും ജസ്റ്റിസുമാരായ രാജിവ് സഹായ് എൻഡ്ലോയും ആഷ മേനോനും പറയുന്നു.
Discussion about this post