ജയ്പുർ: മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ഒറ്റ നിലപാടിൽ ഉറച്ചുനിൽക്കുന്ന സച്ചിൻ പൈലറ്റിനെ ബിജെപിയിലേക്ക് എത്തിക്കാൻ കരുനീക്കി ജ്യോതിരാദിത്യ സിന്ധ്യയും നേതൃത്വവും. രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്ലോട്ടുമായി ഇടഞ്ഞതോടെ ഉപമുഖ്യമന്ത്രി പദവും പിസിസി അധ്യക്ഷ പദവും നഷ്ടമായ സച്ചിനെ ബിജെപിയിലെത്തിക്കാൻ ബിജെപി ജ്യോതിരാദിത്യ സിന്ധ്യയെ നിയോഗിക്കുകയായിരുന്നു. മധ്യപ്രദേശ് കോൺഗ്രസിൽ കമൽനാഥുമായുണ്ടായ പടലപ്പിണക്കെ തുടർന്നാണ് സിന്ധ്യ ബിജെപിയിലെത്തിയത്.
രാജസ്ഥാനിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ മുതലെടുപ്പ് നടത്താനുള്ള ദൗത്യം ബിജെപി ഏൽപിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെയാണ്. മധ്യപ്രദേശിലേതിനു സമാനമായ ഒരു ചടുലനീക്കത്തിന് രാജസ്ഥാനിൽ ബിജെപി ശ്രമിക്കുന്നില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് വ്യക്തമാക്കി. ഗെഹ്ലോട്ട് സർക്കാറിനെ താഴെയിറക്കാൻ ആവശ്യമായ എംഎൽഎമാർ സച്ചിനൊപ്പമില്ല എന്നതാണ് ബിജെപി കളത്തിലിറങ്ങാൻ മടിക്കുന്നതിനു പിന്നിലെ പ്രധാന കാര്യം.
ഇതോടൊപ്പം, ബിജെപിയിൽ ചേരാൻ സച്ചിനു താൽപര്യമില്ലാത്തതും ഒരു കാരണമാണ്. രാജസ്ഥാൻ ബിജെപിയിലെ തന്നെ പടലപ്പിണക്കം കാരണം സച്ചിനെ ബിജെപിയിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പവുമല്ല. ബിജെപിയിൽ തന്നെ രണ്ട് പക്ഷങ്ങളുണ്ട്. ഒന്ന് മുൻമുഖ്യമന്ത്രി വസുന്ധര രാജെ നേതൃത്വം നൽകുന്നത്. മറ്റൊന്ന് മോഡിയും ഷായും പിന്തുണയ്ക്കുന്ന വിഭാഗവും. ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കതാരിയ, രാജേന്ദ്ര സിങ് റാത്തോഡ്, ഗജേന്ദ്ര സിങ് തുടങ്ങിയവരാണ് ഈ പക്ഷത്തുള്ളത്. ആർഎസ്എസിന്റെ പിന്തുണയും ഇവർക്കാണുള്ളത്. എന്നാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയും വസുന്ധര രാജെ സിന്ധ്യയ്ക്കാണ്. ജ്യോതിരാദിത്യയ്ക്ക് വാഗ്ദാനം ചെയ്തതു പോലെ കേന്ദ്രമന്ത്രി പദം സച്ചിനും ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷേ സച്ചിന് രാജസ്ഥാനിൽ മുഖ്യമന്ത്രിസ്ഥാനം നൽകുക ബിജെപിക്ക് എളുപ്പമല്ല. വസുന്ധര രാജെയെ അനുനയിപ്പിക്കുക ശ്രമകരമാകും.
Discussion about this post