സൂറത്ത്: ഗുജറാത്തില്‍ മന്ത്രിയുടെ മകന് കര്‍ഫ്യു ലംഘിച്ചത് ചോദ്യം ചെയ്ത വനിതാ കോണ്‍സ്റ്റബിളിന് സ്ഥലംമാറ്റം. പിന്നാലെ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥ സുനിത രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ്. തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന സുനിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍സ്റ്റബിള്‍ രാജിക്ക് ഒരുങ്ങുന്നത്.
ഐപിഎസ് ഓഫീസറായി പോലീസ് സേനയിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പ് നടത്താനാണ് ജോലി രാജിവെക്കുന്നതെന്ന് സുനിത യാദവ് പറയുന്നു. തനിക്ക് വേണ്ടിയല്ല കാക്കിയുടുപ്പിന് വേണ്ടിയുള്ളതാണ് തന്റെ പോരാട്ടമെന്നും സുനിത പറയുന്നു. ഫോണിലൂടെ തനിക്ക് ഭീഷണി ലഭിച്ചുവെന്നും സംസ്ഥാനത്തിന് പുറത്തു നിന്നാണ് കോളുകള്‍ വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ആരോഗ്യമന്ത്രി കുമാര്‍ കനാനിയുടെ മകന് പ്രകാശ് കനാനിയുമായി ഡ്യൂട്ടിക്കിടയിലുണ്ടായ തര്‍ക്കമാണ് സുനിതയ്ക്ക് സ്ഥലംമാറ്റം നല്‍കിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കാറില്‍ യാത്ര ചെയ്ത പ്രകാശിനെ പോലീസ് തടഞ്ഞ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സുനിതയുമായി തര്‍ക്കിച്ചു.
വനിതാ കോണ്‍സ്റ്റബിളിനെ പ്രകാശ് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച നടന്ന സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രകാശിനേയും സുഹൃത്തുക്കളെയും ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
Discussion about this post