ബംഗളൂരു: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ ഇന്ന് രാത്രി മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കും. ഇന്ന് രാത്രി എട്ട് മണി മുതല്‍ ജൂലൈ 22ന് പുലര്‍ച്ചെ അഞ്ച് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്ഡൗണുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലകളില്‍ പാല്‍, പലചരക്ക്, പച്ചക്കറി തുടങ്ങിയ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ അഞ്ച് മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുന്നതിനായി ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ഓഫീസുകളായ വിധാന്‍ സൗധയും വികാസ് സൗധയും 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കും. വൈദ്യുതി, വെള്ളം, എല്‍പിജി എന്നീ ആവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ ഷെഡ്യൂള്‍ ചെയ്ത ഫ്‌ളൈറ്റുകളും ട്രെയിനുകളും സര്‍വ്വീസ് നടത്തും. ഈ അവസരത്തില്‍ യാത്രക്കാരുടെ ടിക്കറ്റുകളെ പാസായി പരിഗണിക്കും. അതേസമയം ബസ്, മെട്രോ, ടാക്‌സി മുതലായ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും അടച്ചിടും. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല. ടേക്ക് എവേ, ഹോം ഡെലിവറി എന്നിവ മാത്രമെ അനുവദിക്കുകയുള്ളൂ. കായിക സമുച്ചയങ്ങള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയും തുറക്കില്ല.
അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2738 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 41581 ആയി ഉയര്‍ന്നു. 73 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 761 ആയി ഉയര്‍ന്നു.