ചെന്നൈ: നാടിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി തൂത്തുക്കുടിയിലെ സാത്താന്‍കുളം തദ്ദേശവാസികള്‍. സാത്താന്‍കുളം എന്ന പേരു കേള്‍ക്കുമ്പോള്‍ പിശാചാണ് എല്ലാവരുടെയും മനസ്സിലെത്തുകയെന്നും അതിനാല്‍ നാടിന്റെ പേര് മാറ്റണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് നാടിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി തദ്ദേശവാസികള്‍ രംഗത്തെത്തിയത്. സാത്താന്‍കുളത്തെ വ്യാപാരികളായ ജയരാജും മകന് ബെന്നിക്സുമാണ് കസ്റ്റഡിയില്‍ മരിച്ചത്.
”നാടിന്റെ പേരില്‍ത്തന്നെ പിശാചുണ്ട്. മരണവും കൊലപാതകങ്ങളും നടക്കുമ്പോള്‍ സാത്താനാണ് മനസ്സിലെത്തുന്നത്” – തദ്ദേശവാസിയായ ഗണേശ മൂര്‍ത്തി പറയുന്നു. സാത്താന് എന്ന പദത്തിന്റെ അര്‍ഥം ഇംഗ്ളീഷിലും തമിഴ് ഉള്‍പ്പെടെ പല ഇന്ത്യന്‍ ഭാഷകളിലും പിശാച് എന്നാണെന്ന് പ്രദേശത്തെ അഭിഭാഷകന് എ.കെ വേണുഗോപാല്‍ പറഞ്ഞു.
ജയരാജന്റെയും ബെന്നിക്സിന്റെയും മരണത്തോടെ സാത്താന്‍കുളം എന്ന നാടിന്റെ പേര് ലോകശ്രദ്ധയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ’17-ാം നൂറ്റാണ്ടില്‍ ഈ പ്രദേശം തിരുകൊളുന്തുപുരം അല്ലെങ്കില്‍ വീരമാര്‍ത്താണ്ഡനല്ലൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
തെക്കന്‍ തമിഴ്നാട്ടിലെ പ്രാദേശികഭാഷയില്‍ സാത്തു എന്നാല്‍ കാളവണ്ടിയില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വാക്കാണ്. കുളം എന്നാല്‍ ചന്ത എന്നാണ്. സാത്തുകുളം എന്ന പേര് കാലാന്തരത്തില്‍ സാത്താന്‍കുളമായി പരിണമിച്ചതായിരിക്കാം എന്നാണ് അനുമാനിക്കുന്നത്”- അഡ്വ. വേണുഗോപാല്‍ പറഞ്ഞു. ഇങ്ങനെ കഥകള്‍ പലതുണ്ടെങ്കിലും സ്ഥലത്തിന്റെ പേര് ശുഭസൂചകമല്ലെന്നും പേര് മാറ്റണമെന്നും തന്നെയാണ് ജനങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
Discussion about this post