കാഠ്മണ്ഡു: അയോധ്യയും രാമനും തങ്ങളുടേതാണെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇത് തെറ്റാണെന്നും യഥാര്‍ഥ അയോധ്യയും രാമനും ഇന്ത്യയിലല്ല നേപ്പാളിലാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ഏതാനും ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് നേപ്പാളിന്റെ അടുത്ത അവകാശവാദം.
ഇന്ത്യയുടെ ലിപുലേഖും കാലാപാനിയും അടക്കമുള്ള ഭൂപ്രദേശങ്ങള്‍ തങ്ങളുടേതെന്ന് നേപ്പാള്‍ അവകാശപ്പെട്ടിരുന്നു. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത അവകാശവാദവുമായി പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രംഗത്തെത്തിയത്.
തിങ്കളാഴ്ചയാണ് നേപ്പാള്‍ മാധ്യമങ്ങള്‍ ഒലിയുടെ ഏറ്റവും പുതിയ അവകാശവാദം റിപ്പോര്‍ട്ടുചെയ്തത്. സാംസ്‌കാരികമായും നമ്മള്‍ പലപ്പോഴും അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ട്. യാഥാര്‍ഥ്യം പലപ്പോഴും തിരസ്‌കരിക്കപ്പെടുന്നു. നമ്മള്‍ സീതയെ ഇന്ത്യയിലെ രാമ രാജകുമാരന് നല്‍കിയെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
എന്നാല്‍ അയോധ്യയിലെ രാജകുമാരനാണ് നല്‍കിയത്. ബിര്‍ഗുഞ്ജിന് പടിഞ്ഞാറായുള്ള ഒരു ഗ്രാമമാണ് അയോധ്യയെന്നും ഇപ്പോള്‍ പ്രചാരത്തിലുള്ള അയോധ്യയല്ല അതെന്നും ഔദ്യോഗികവസതിയില്‍ നടന്ന ഒരു ചടങ്ങില്‍ ഒലി അവകാശപ്പെട്ടു.