ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ

മുംബൈ: ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തികരംഗത്തിന് ഉത്തേജനം പകരാൻ 10 ബില്ല്യൺ ഡോളർ ഏകദേശം 75,000 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റൽ ഇന്ത്യ ആശയങ്ങളെ ഗൂഗിൾ പിന്തുണയ്ക്കുമെന്നും ഗൂഗിൾ ഫോർ ഇന്ത്യ വ്യക്തമാക്കി. സുന്ദർ പിച്ചൈ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ 75,000 കോടി രൂപ ഇന്ത്യയിൽ ചെലവഴിക്കാനാണ് ഗൂഗിൾ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക. പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക, ഡിജിറ്റൽ ട്രാൻസ്ഫർമേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുക, ആരോഗ്യം, വിദ്യാഭ്യാസം, കാർഷികമേഖലകളിലെ ഡിജിറ്റൽ നിക്ഷേപം തുടങ്ങിയവയിലാവും ഗൂഗിൾ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി.

ഇന്ന് രാവിലെ പ്രധാനമന്ത്രിയും സുന്ദർ പിച്ചൈയും തമ്മിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Exit mobile version