ന്യൂഡല്‍ഹി: ലോകത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ചിരിക്കുകയാണ് ഒരുകോടിയിലധികം പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധിച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കോവിഡിനെ തടയാന്‍ പ്രതിരോധമരുന്ന് കണ്ടെത്താത്തതാണ് രോഗികളുടെ എണ്ണം ഉയരാനും മരണസംഖ്യ വര്‍ധിക്കാനും കാരണമായത്.
കൊറോണയെ തടയാന്‍ വാക്‌സിനുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ലോകം. അതിനിടെ കോവിഡ് വാക്‌സിന്‍ വൈകുന്നത് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പിയില്‍ 7.5% വരെ കുറവുണ്ടാക്കുമെന്ന് വ്യക്തമാക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിലെ വിദഗ്ദ്ധര്‍.
യഥാര്‍ത്ഥ ജി.ഡി.പിയെ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച റിപ്പോര്‍ട്ടാണിത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുറവ് കാരണം ഇപ്പോള്‍ നേരത്തെ പ്രതീക്ഷിച്ചതിനേക്കാളും നാല് ശതമാനത്തിന്റെ ചുരുക്കമാണ് ഉണ്ടായിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയില് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഫലമായി 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനമായി ചുരുങ്ങുമെന്ന് നേരത്തെ പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജിഡിപി 7.2 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാക്‌സിന് കണ്ടെത്തുന്നതിനായി ഒരു വര്‍ഷത്തേക്ക് കാത്തിരിക്കേണ്ടിവന്നാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജി.ഡി.പി. 7.5 ശതമാനം ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രാജ്യം അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടക്കാന്‍ തുടങ്ങിയതു മുതല്‍ കോവിഡ് -19 അണുബാധ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ പകുതിവരെ നീട്ടുമെന്നും സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നു.
Discussion about this post