മുംബൈ: നടുറോഡില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ കലഹം. ഭര്‍ത്താവിനെ പിന്തുടര്ന്നെത്തിയ ഭാര്യ കാര്‍ തടഞ്ഞതോടെ മറ്റു വാഹനങ്ങളും ഗതാഗതക്കുരുക്കില്‍പ്പെട്ടു. മുംബൈ പെഡാര്‍ റോഡിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭര്‍ത്താവ് മറ്റൊരു യുവതിയുമായി കാറില്‍ പോകുന്നത് കണ്ട ഭാര്യ ഇവര്‍ സഞ്ചരിച്ചിരുന്ന കറുത്ത നിറത്തിലുള്ള റേഞ്ച് റോവര്‍ കാറിനെ പിന്തുടര്ന്നെത്തുകയായിരുന്നു. മറ്റൊരു വാഹനത്തിലെത്തിയ ഭാര്യ നടുറോഡില്‍ വെച്ച് ഭര്‍ത്താവിന്റെ കാറ് തടഞ്ഞു.
തുടര്‍ന്ന് ഭര്‍ത്താവിനോട് കാറില്‍ നിന്നും ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടു. കാറിന് മുന്നില്‍തന്നെ നിലയുറപ്പിച്ച യുവതി ഉറക്കെ ബഹളംവെയ്ക്കുകയും കാറിന്റെ ബോണറ്റിന് മുകളില്‍ കയറി ചില്ലില്‍ അടിക്കുകയും ചെയ്തു. സംഭവം കണ്ടെത്തിയ പോലീസുകാര്‍ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഒടുവില്‍ യുവതി അല്പം അയഞ്ഞതോടെ ഭര്‍ത്താവ് കാര്‍ മുന്നോട്ടെടുത്ത് റോഡരികില്‍ നിര്‍ത്തി. തുടര്‍ന്ന് ഭര്‍ത്താവ് തിരികെയെത്തി ഭാര്യയോടൊപ്പം അവരുടെ കാറില്‍ കയറി പോവുകയും ചെയ്തു. ദമ്പതിമാര്‍ തമ്മിലുള്ള കലഹം നടുറോഡിലേക്ക് നീണ്ടപ്പോള്‍ റോഡില്‍ വന്‍ ഗതാഗതക്കുരുക്കാണുണ്ടായത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ ആരും പരാതി നല്കാത്തതിനാല് കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നടുറോഡില്‍ വാഹനം നിര്‍ത്തി ഗതാഗതം തടസപ്പെടുത്തിയതിന് യുവതിക്കെതിരെ പിഴ ഈടാക്കുമെന്നും ഇതിനായി ഇ-ചലാന്‍ പുറപ്പെടുവിച്ചതായും പോലീസ് പറഞ്ഞു.
Discussion about this post