മുംബൈ: താരകുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ സീല്‍ ചെയ്തു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ക്ക് പിന്നാലെ ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യ തുടങ്ങിയവര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
ഇതിനെ തുടര്‍ന്നാണ് ബച്ചന്റെ വസതികളായ ജല്‍സ, ജനക്, പ്രതീക്ഷ, വത്സ എന്നിവ സീല്‍ ചെയ്തതായും പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയതായും ബോംബെ മെട്രോ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മിഷണര്‍ വിശ്വാസ് മോട്ടെ അറിയിച്ചു. ഇതിന് പുറമേ മുപ്പത് പേരെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു. ഒപ്പം ബച്ചന്റെ സ്റ്റാഫുകളില്‍ 16 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ സെക്യൂരിറ്റി ജീവനക്കാരും വീട്ടുജോലിക്കാരും ഉള്‍പ്പെടുന്നു.
ഇവരുടെ പരിശോധനാഫലം പുറത്ത് വരാനുണ്ട്. കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചന്‍ ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post