മധ്യപ്രദേശിലും കോണ്‍ഗ്രസിന് അടിപതറുന്നു; കോണ്‍ഗ്രസ് എംഎല്‍എ പ്രദ്ധ്യമാന്‍ സിംഗ് ലോധി ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബദ മല്‍ഹേര മണ്ഡലത്തിലെ എംഎല്‍എ ആയ പ്രദ്ധ്യമാന്‍ സിംഗ് ലോധിയാണ് കോണ്‍ഗ്രസ് വിട്ടത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തില്‍ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു.

ബിജെപിയില്‍ എത്തിയതിന് പിന്നാലെ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി ലോധിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ലോധിയെ കൂടാതെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരദിത്യ സിന്ധ്യക്ക് ഒപ്പം 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടയിലാണ് മധ്യപ്രദേശിലും പ്രശ്‌നങ്ങള്‍ ഉടലേടുക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് രണ്ട് ചേരിയിലായി. അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് തുറന്ന പോരിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഭൂരിപക്ഷം നഷ്മായെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

അതിനിടെ സച്ചിന്‍, ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി. കഴിവിനും കാര്യപ്രാപ്തിക്കും കോണ്‍ഗ്രസില്‍ യാതൊരു വിലയുമില്ലെന്നും, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് തന്റെ മുന്‍ സഹപ്രവര്‍ത്തകനായ സച്ചിന്‍ പൈലറ്റിനെ പാര്‍ശ്വവത്കരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നത് കാണുന്നതില്‍ ദുഃഖമുണ്ടെന്നും സിന്ധ്യ പ്രതികരിച്ചു.

Exit mobile version