‘കഴിവിനും കാര്യപ്രാപ്തിക്കും കോണ്‍ഗ്രസില്‍ യാതൊരു വിലയുമില്ല’; സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങളെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ. കഴിവിനും കാര്യപ്രാപ്തിക്കും കോണ്‍ഗ്രസില്‍ യാതൊരു വിലയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് തന്റെ മുന്‍ സഹപ്രവര്‍ത്തകനായ സച്ചിന്‍ പൈലറ്റിനെയും പാര്‍ശ്വവത്കരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നത് കാണുന്നതില്‍ ദുഃഖമുണ്ടെന്ന് സിന്ധ്യ പ്രതികരിച്ചു. ട്വീറ്ററിലൂടെയായിരുന്നു സിന്ധ്യയുടെ പ്രതികരണം.

തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്. ഗെഹ്ലോത്ത് സര്‍ക്കാരിനെ താഴെയിറക്കാന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് പിന്തുണ അറിയിച്ചുള്ള സിന്ധ്യയുടെ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്.

2018-ലാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരം പിടിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും അശോക് ഗെഹ്ലോത്തും ഇരു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരായി. സിന്ധ്യയ്ക്ക് യുപിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയും പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും ലഭിച്ചു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയിലേക്ക് പോയി. സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണത്. ഒരു വര്‍ഷമായി താന് പറയുന്നതൊന്നും കേള്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്ന് സിന്ധ്യ പിന്നീട് പറഞ്ഞിരുന്നു.

Exit mobile version