കൊല്‍ക്കത്ത: കോവിഡ് ഭീതി കാരണം നാട്ടുകാര്‍ വീട്ടിലേക്ക് പോകുന്നത് തടഞ്ഞു, അമ്മയും മകനും ഒരു രാത്രി കഴിച്ചുകൂട്ടിയത് ശ്മശാനത്തില്‍.
പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അമ്മയ്ക്കും മകനുമാണ് നാട്ടുകാരില്‍ നിന്നും ദുരവസ്ഥയുണ്ടായത്.
മോഹ്വാ മുഖര്‍ജി, മകന്‍ രോഹിത് എന്നിവരെയാണ് വീട്ടിലേക്ക് പോകുന്നത് നാട്ടുകാര്‍ തടഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജധാനി എക്‌സ്പ്രസില്‍ ഇരുവരും ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയത്.
ഡല്‍ഹിയില്‍ സ്വര്‍ണ്ണവ്യാപാരം നടത്തുകയാണ് രോഹിത്. മോഹ്വാ മകനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ലോക്ക്ഡൗണിന് പിന്നാലെ വ്യാപാരം നഷ്ടത്തിലായതോടെ ഇരുവരും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
മോഹ്വായുടെ പിതാവിന്റെ വീട്ടിലേക്കാണ് ഇവര്‍ മടങ്ങിയെത്തിയത്. പക്ഷെ ഇവിടെയെത്തിയപ്പോള്‍ വീട്ടിലേക്ക് കടത്താതെ നാട്ടുകാര്‍ തടയുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹിയില്‍ നിന്ന് വന്നതിനാല്‍ കോവിഡ് പകരുമെന്ന ഭീതിയിലായിരുന്നു നാട്ടുകാരുടെ എതിര്‍പ്പ്. ആളുകളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഇരുവരും സഹര്‍പുരിലുള്ള ഇവരുടെ തന്നെ മറ്റൊരു വീട്ടിലേക്ക് പോയി.
എന്നാല്‍, ഇവിടെയും പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തുകയായിരുന്നു. രാത്രി കഴിച്ചു കൂട്ടാന്‍ വേറെ സ്ഥലം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മോഹ്വായും മകനും അടുത്തുള്ള ബസുദേബ്പുര്‍ അഗുന്‍ഖല്ലി ശ്മശാനത്തിലെ ഒരു മുറിയില്‍ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. ദഹിപ്പിക്കാനെത്തിക്കുന്ന മൃതദേഹങ്ങള്‍ മോശം കാലാവസ്ഥ വരുമ്പോള്‍ സൂക്ഷിക്കുന്നതായിരുന്നു ഈ മുറി. മോഹ്വായുടെ അച്ഛനും സഹോദരനും ഇവര്‍ക്കൊപ്പം ഇവിടെത്തന്നെ തങ്ങി.
പിറ്റേദിവസം രാവിലെ സംഭവം അറിഞ്ഞെത്തിയ പോലീസ് ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് നിന്ന് മടങ്ങിയെത്തിയതിനാല്‍ പതിനാല് ദിവസത്തെ ക്വാറന്റീനില്‍ കഴിയാനാണ് ഇരുവരോടും നിര്‍ദേശിച്ചിരിക്കുന്നത്.