ചെന്നൈ: എസ്ബിഐ വ്യാജ ബ്രാഞ്ച് ആരംഭിച്ച യുവാവും സുഹൃത്തുക്കളും തമിഴ്നാട്ടില്‍ അറസ്റ്റില്‍. ഗൂഡല്ലൂര്‍ ജില്ലയിലെ പന്‍രുത്തിയിലാണ് സംഭവം. കമല്‍ ബാബു (19), കുമാര്‍ (42), മാണിക്കം (52) എന്നിവരാണ് അറസ്റ്റിലായത്.
മുന്‍ ജീവനക്കാരുടെ മകന്റെ നേതൃത്വത്തിലാണു മൂന്നുമാസത്തിലേറെ വ്യാജ ബ്രാഞ്ച് പ്രവര്‍ത്തിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് ഏപ്രില്‍ മാസത്തിലാണ് പന്‍രുത്തിയില്‍ എസ്ബിഐയുടെ ബ്രാഞ്ച് എന്ന പേരില്‍ പുതിയ ബാങ്ക് ആരംഭിച്ചത്. പുതിയ ബ്രാഞ്ചിനെ കുറിച്ചു ഇടപാടുകാരന് മറ്റൊരു ബ്രാഞ്ചില്‍ അന്വേഷിച്ചപ്പോഴാണ് എസ്ബിഐ വിവരം അറിയുന്നതും പോലീസില്‍ പരാതിപ്പെടുന്നത്.
എസ്ബിഐയുടെ ലോഗോ, കംപ്യൂട്ടറുകള്‍, ലോക്കര്‍, ചലാന്‍, കൃത്രിമമായ രേഖകള്‍ എന്നിവ ബാങ്കില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ഈ ബ്രാഞ്ചിന്റെ പേരില്‍ വെബ്സൈറ്റും പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
നിലവില്‍ പന്‍രുത്തിയിലുള്ള ഒറിജിനല്‍ ബ്രാഞ്ച് ഓഫീസിലെ ഉപഭോക്താവ് പുതുതായി തുടങ്ങിയ ബ്രാഞ്ചിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്തായത്. ഡൂപ്ലിക്കേറ്റ് ബാങ്കിലെ രസീതുകള്‍ ഒറിജിനല്‍ ബാങ്കിലെ മാനേജരെ കാണിക്കുകയും തുടര്‍ന്ന് മാനേജര്‍ ബാങ്കില്‍ നേരിട്ടെത്തി അന്വേഷിക്കുകയുമായിരുന്നു.
സാധാരണ ബാങ്ക് ബ്രാഞ്ചിലുള്ള എല്ലാ സംവിധാനവും വ്യാജനിലുമുണ്ടായിരുന്നു. സോണല്‍ മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസെത്തി ബാങ്കിലുണ്ടായിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. എസ്ബിഐ ജീവനക്കാരായിരുന്ന ദമ്പതികളുടെ 19 വയസുള്ള മകന് കമല്ബാബുവാണു കേസിലെ പ്രധാനി. സര്‍വീസിലിരിക്കെ അച്ഛന് മരിച്ചതിനാല്‍ ഇയാള്‍ ആശ്രിത നിയമത്തിനു അപേക്ഷിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. തുടര്‍ന്ന് മറ്റു രണ്ടു പ്രതികളായ കുമാര്‍,മാണിക്യം എന്നിവരൊന്നിച്ചു ബാങ്കിന്റെ ബ്രാഞ്ച് തുടങ്ങുകയായിരുന്നു.
പണം നഷ്ടമായതു സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നു പന്റുത്തി ഇന്‍സ്പെക്ടര്‍ പറഞ്ഞു. എന്നാല്‍ കമല്‍ ബാബുവിന്റെ അമ്മയുടെയും അമ്മാവന്റെയും അക്കൗണ്ടുകളില്‍ വന്‍തോതില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇവ പരിശോധിക്കുകയാണെന്നും പോലീസ് അറയിച്ചു. ബാങ്ക് രസീതുകള്‍ സീലുകള്‍, ചലാനുകള്‍ തുടങ്ങി മുഴുവന്‍ രേഖകളും വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പു നടത്തിയിരുന്നത്. ഇടപാടുകാര്‍ക്കു പണം നഷ്ടമായിട്ടുണ്ടോയെന്നറിയാല് വിശദമായ പരിശോധന വേണ്ടിവരുമെന്ന് എസ്ബിഐ അറിയിച്ചു
Discussion about this post