പരിശീലനത്തിന് പണമില്ല; ബിഎംഡബ്ല്യു കാര്‍ വില്‍ക്കാനൊരുങ്ങി ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്

ഭുവനേശ്വര്‍: പരിശീലനത്തിന് ആവശ്യമായ പണം ഇല്ലാത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കാര്‍ വില്‍ക്കാനുണ്ടെന്ന് അറിയിച്ചത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ദ്യുതി പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

2015-ലാണ് 30 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു 3 സീരീസില്‍ പെട്ട കാര്‍ ദ്യുതി വാങ്ങുന്നത്. കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് സ്പോണ്‍സര്‍മാരെ കിട്ടാതാകുകയും പരിശീലനത്തിന് മറ്റു വഴികള്‍ ഇല്ലാതായതോടെയുമാണ് കാര്‍ വില്‍ക്കാന്‍ താരം തീരുമാനം എടുത്തത്.

”കൊവിഡ് മഹാമാരി കാരണം ഒരു സ്പോണ്‍സറും എനിക്കായി പണം മുടക്കാന്‍ തയ്യാറാകുന്നില്ല. കോവിഡ് കാരണം 2021 ജൂലായിലേക്ക് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. അതിനാല്‍ തന്നെ പരിശീലനത്തിനും ഡയറ്റ് ചെലവുകള്‍ക്കുമായി എനിക്ക് പണം ആവശ്യമുണ്ട്. അതിനാലാണ് അത് (കാര്‍) വില്‍ക്കാന്‍ തീരുമാനിച്ചത്.” – ദ്യുതി പറഞ്ഞു.

സര്‍ക്കാര്‍ വൃത്തങ്ങളെ സമീപിച്ചിരുന്നു. പക്ഷേ അവരും സാമ്പത്തിക ഞെരുക്കത്തിലാണെന്നാണ് പറയുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നല്‍കിയ മൂന്നു കോടി രൂപയുടെ സമ്മാനത്തുക ഉപയോഗിച്ചാണ് ദ്യുതി ചന്ദ് കാര്‍ വാങ്ങിയത്. ഈ തുക ഉപയോഗിച്ച് താരം വീട് പണിയുകയും ചെയ്തിരുന്നു. എന്നാല്‍ താരം പരിശീലനത്തിനായി കാര്‍ വില്‍ക്കുന്നുവെന്ന് പോസ്റ്റിട്ടതോടെ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Exit mobile version