ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന് എതിരെയുള്ള വാക്സിൻ അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന് വിദഗ്ധ സംഘം പാർലമെന്ററി സമിതിയെ അറിയിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സിഎസ്ഐആറിലേയും മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് വെള്ളിയാഴ്ച പാർലമെന്ററി ശാസ്ത്ര സാങ്കേതിക സമിതിക്ക് മുന്നിൽ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഓഗസ്റ്റ് 15നുള്ളിൽ കൊവിഡ് വാക്സിൻ പുറത്തിറക്കണമെന്ന ഐസിഎംആർ ഡയറക്ടർ ജനറലിന്റെ നിർദേശത്തെക്കുറിച്ചുള്ള കാര്യങ്ങളൊന്നും വിദഗ്ധ സംഘം യോഗത്തിൽ പരാമർശിച്ചിട്ടില്ലെന്നാണ് സൂചന. കേന്ദ്ര സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും കൊവിഡ് തയ്യാറെടുപ്പുകളെ കുറിച്ചും സമിതിയിൽ വിശദമായ ചർച്ച നടന്നു.
വാക്സിൻ യാഥാർത്ഥ്യമാക്കാനുള്ള ഗവേഷണങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും കുറഞ്ഞ ചെലവിൽ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സമിതിക്ക് മുന്നിൽ വിശദീകരിച്ചു. മാർച്ച് അവസാനം രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം പാർലമെന്ററി സമിതിയുടെ ആദ്യ യോഗമായിരുന്നു ഇത്. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ അധ്യക്ഷതയിൽ ആറ് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. അടുത്ത യോഗം വിർച്വലായി നടത്തി കൂടുതൽ അംഗങ്ങൾക്ക് പങ്കെടുക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജയ്റാം രമേശ് ഉൾപ്പെടെയുള്ള അംഗങ്ങൾ ആവശ്യപ്പെട്ടു.
Discussion about this post