ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സംഭവത്തിന് ദൃക്സാക്ഷിയായി പതിനാലുകാരന് ബോട്ടിലുണ്ടായിരുന്നെന്നും അതിന്റെ ആഘാതത്തില്‍ 14 കാരന് 2019ല്‍ ജീവനൊടുക്കി. അതേസമയം കുട്ടിയുടെ കുടുംബം ഇപ്പോള്‍ നഷ്ടപരിഹാരം തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്.
കന്യാകുമാരി ജില്ലയിലെ കഞ്ചംപുരം സ്വദേശിയായ പ്രിജിന് ആണ് പത്ത് മത്സ്യ തൊഴിലാളികളുണ്ടായിരുന്ന ബോട്ടില്‍ ഉണ്ടായിരുന്നത്. 100 കോടിയുടെ നഷ്ടപരിഹാരം തേടി പ്രിജിന്റെ അമ്മയും ആറ് സഹോദരിമാരും കേന്ദ്രത്തിന് കത്ത് നല്കി.
വെടിവെപ്പ് സംഭവത്തിന്റെ ഇരയായ പ്രിജിന്റെ നിയമപരമായ അവകാശികളാണെന്ന നിലയില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ബാലവേല കുറ്റം ചുമത്തപ്പെടുമെന്ന ഭയത്താല്‍ കേസുമായ ബന്ധപ്പെട്ട എല്ലാ രേഖകളില്‍ നിന്നും പ്രിജിന്റെ പേര് ഉടമ ഫ്രെഡി മറച്ചുവെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. പ്രിജിന് ആയിരുന്നു കുടുംബത്തിലെ ഏകവരുമാന മാര്‍ഗമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വെടിവെപ്പിന് ശേഷം സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡി കുട്ടിയെ മറ്റൊരു ബോട്ടിലേക്ക് മാറ്റുകയായിരുന്നു. സംഭവ സമയത്ത് 14 വയസ്സുകാരനായ പ്രിജിന് ബോട്ടിലെ പാചകക്കാരന്റെ സഹായി ആയിരുന്നു. പിടിക്കപ്പെട്ടാല്‍ ബാലവേലകുറ്റം ചുമത്തുമെന്ന് പേടിച്ചാണ് പ്രിജിനെ മാറ്റിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. തന്റെ സുഹൃത്തും അയല്‍വാസിയുമായ അജീഷ് പിങ്കു കണ്മുന്നില് വെടിയേറ്റ് വീഴുന്നത് കണ്ടതിന്റെ ഷോക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രിജിന് കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
പ്രിജിന് യാതൊരുവിധ വൈദ്യസഹായങ്ങളോ കൗണ്‍സിലിങ്ങോ ലഭിച്ചില്ലെന്ന് പ്രിജിന്റെ വീട്ടുകാര്‍ പറയുന്നു. വെടിവെപ്പ് നേരില്‍ കണ്ട പ്രിജിന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഉറക്കമില്ലാത്ത അവസ്ഥയും ഉറങ്ങുന്ന സമയത്ത് ഞെട്ടി എഴുന്നേറ്റ് അലറിവിളിക്കുന്ന അവസ്ഥയുമായി കടുത്ത മാനസികാവസ്ഥകളിലൂടെ പ്രിജിന് കടന്നു പോയെന്ന് അമ്മയും സഹോദരിമാരും പറയുന്നു.
അഭിഭാഷകന് യാഷ് തോമസ് മണ്ണുള്ളി മുഖേന കാബിനറ്റ് സെക്രട്ടേറിയറ്റിന് അമ്മയും ആറ് സഹോദരിമാരും നല്കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണ പ്രിജിന് പിന്നീട് കടലില്‍ പോവാന്‍ കഴിയാത്ത അവസ്ഥയിലായി. പിന്നീട് 2019 ജൂലൈ രണ്ടിന് ആത്മഹത്യ ചെയ്യുകയായിരുന്നു.
Discussion about this post