ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുതിയ ശീലങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റോഡില്‍ തുപ്പുന്ന ശീലം മാറ്റണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വരാണസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോഡിയുടെ നിര്‍ദേശം.
പൊതുസ്ഥലങ്ങളില്‍, പ്രത്യേകിച്ച് റോഡുകളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോടായി പറഞ്ഞു. ‘ബനാറസ് പാന്‍ ചവച്ച് ഇപ്പോള്‍ റോഡുകളില്‍ തുപ്പാറുണ്ട്. ആ ശീലം നമ്മള്‍ മാറ്റണം.’ മോഡി പറയുന്നു. പ്രസിദ്ധമായ ബനാറസ് പാനിനെക്കുറിച്ചും അതുപയോഗിച്ചതിന് ശേഷം ആളുകള്‍ പൊതുസ്ഥലത്ത് തുപ്പുന്നതിനെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിക്കുകയുണ്ടായി. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാന്‍. മുഖം മൂടുകയും കൈ കഴുകുകയും ചെയ്യണം.
ഇക്കാര്യം ആരും മറക്കരുതെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഈ പുതിയ ശീലങ്ങള്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപേക്ഷിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.